എറണാകുളം: കോവിഡ് വാക്സിനേഷൻ്റെ ക്രമീകരണങ്ങൾ നിരീക്ഷിക്കുന്നതിന് ഭാഗമായുള്ള പ്രതീകാത്മക കുത്തിവയ്പ്പ് (ഡ്രൈ റൺ) ചെങ്ങമനാട് സാമൂഹികാരോഗ്യകേന്ദ്രത്തിൽ വിജയകരമായി പൂർത്തിയാക്കി. 25 ആരോഗ്യ പ്രവർത്തകരാണ് ഡ്രൈറണിൽ പങ്കെടുത്തത്.

കോവിഡ് വാക്സിനേഷനു വേണ്ടി രജിസ്റ്റർ ചെയ്തവരിൽ നിന്നുമാണ് ഡ്രൈറണി നുള്ള 25 പേരെ തെരഞ്ഞെടുത്തത്. രാവിലെ 9 മണിക്കു തന്നെ കുത്തിവയ്പിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. വാക്സിനേഷൻ്റെ നാല് ഘട്ടങ്ങളുടെയും പ്രവർത്തനം വിജയകരമായി പൂർത്തിയാക്കി.

ആദ്യ ഘട്ടത്തിൽ കേന്ദ്രത്തിലെത്തിയ എല്ലാവരെയും സാമൂഹിക അകലം പാലിച്ച് കാത്തിരുപ്പു കേന്ദ്രത്തിൽ ഇരുത്തി. തുടർന്ന് ഒന്നാം വാക്സിനേഷൻ ഓഫീസറുടെ സമീപം പട്ടിക പരിശോധിച്ച് രജിസ്റ്റർ ചെയ്ത ആളാണെന്ന് ഉറപ്പു വരുത്തും. രണ്ടാം വാക്സിനേഷൻ ഓഫീസറുടെ അടുത്തെത്തി തിരിച്ചറിയൽ രേഖകൾ ഹാജരാക്കണം. ആധാർ കാർഡോ വകുപ്പുകൾ നൽകുന്ന തിരിച്ചറിയൽ രേഖകളോ ഇതിനായി ഉപയോഗിക്കാം. രജിസ്റ്റർ ചെയ്യാനായി ഉപയോഗിച്ച തിരിച്ചറിയൽ രേഖ തന്നെ വാക്സിസിനേഷനും ഹാജരാക്കണം.

രണ്ടാം വാക്സിനേഷൻ ഓഫീസർ കോ-വിൻ പോർട്ടലിലെ തിരിച്ചറിയൽ രേഖയുമായി വിവരങ്ങൾ പരിശോധിച്ച് ഉറപ്പു വരുത്തിയ ശേഷം വാക്സിനേഷൻ റൂമിലേക്ക് കടത്തിവിടും. മൂന്നാം വാക്സിനേഷൻ ഓഫീസർ കുത്തിവയ്പിനെ ക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങൾ നൽകും. കുത്തിവയ്പിനെ പേടിയോ മറ്റെന്തിങ്കിലും ബുദ്ധിമുട്ടുകളോ ഉണ്ടെങ്കിൽ കുത്തിവയ്പ് എടുക്കണമോ വേണ്ടയോ എന്ന് സ്വീകർത്താവിന്
തീരുമാനിക്കാം. ഒഴിവാക്കിയാൽ അത് രണ്ടാം വാക്സിനേഷൻ ഓഫീസറെ വിവരമറിയിച്ച് പോർട്ടലിൽ വിവരം രേഖപ്പെടുത്തും. ഇത്തരത്തിലുള്ളവരെ റിജക്ട് മാർക്ക് ചെയ്യും.

കുത്തിവയ്പ് കഴിഞ്ഞാൽ നിരീക്ഷണമുറിയിലേക്ക് പോകണം. നിരീക്ഷണ മുറിയിൽ സാമൂഹിക അകലം പാലിച്ച് അര മണിക്കൂർ വിശ്രമിക്കണം. ഇവിടെ നാലാം വാക്സിനേഷൻ ഓഫീസറുടെ സേവനമുണ്ടാകും. ഏതെങ്കിലും തരത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടാൽ ഓഫീസറെ വിവരമറിയിക്കണം. ഈ വിവരങ്ങളും കോ-വിൻ പോർട്ടലിൽ രേഖപ്പെടുത്തും. ഏതു തരത്തിലുള്ള ശാരീരിക അസ്വസ്ഥതയും നേരിടുന്നതിനുള്ള തയാറെടുപ്പുകളും പ്രതീകാത്മകമായി പ്രവർത്തിച്ച് ഉറപ്പു വരുത്തി. കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടായാൽ തുടർ ചികിത്സക്കായി മറ്റ് ആശുപത്രികളിലേക്ക് കൊണ്ടു പോകുന്നതിനായി ആംബുലൻസ് സേവനവും ഉറപ്പു വരുത്തിയിരുന്നു.
ലോകാരോഗ്യ സംഘടന കൺസൾട്ടൻ്റ് പ്രതാപ ചന്ദ്രൻ , ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ ചാർജ് വിവേക് കുമാർ ആർ ,കോവിഡ് വാക്സിൻ നോഡൽ ഓഫീസർ ഡോ.എം.ജി.ശിവദാസ്, ചെങ്ങമനാട് സാമൂഹികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ.എലിസബത്ത് പി.ടി. എന്നിവർ ക്രമീകരണങ്ങൾ നിരീക്ഷിച്ച് വിലയിരുത്തി.