വൈറ്റില കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങളുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. അടിയന്തര പ്രാധാന്യമുള്ള വിഷയമായി സര്‍ക്കാര്‍ കാണുന്നത് നാടിന്റെ വികസനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

  വികസനം സാധ്യമാകണമെങ്കില്‍ അടിസ്ഥാന സൗകര്യം ഉണ്ടാവണം. പ്രധാനപ്പെട്ട അടിസ്ഥാന സൗകര്യങ്ങളാണ് റോഡുകളും പാലങ്ങളും. ഉന്നത നിലവാരത്തിലുള്ള റോഡുകളും പാലങ്ങളും ഇല്ലാതെ ജനങ്ങള്‍ക്ക് മികച്ചപൊതുഗതാഗത സംവിധാനം ഉറപ്പാക്കാനാവില്ല. പുതിയ കാലം പുതിയ നിര്‍മാണം എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പൊതുമരാമത്ത് വകുപ്പ് പ്രവര്‍ത്തിച്ചു വരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കിയ വകുപ്പിനെ അദ്ദേഹം അഭിനന്ദിച്ചു.

പൂര്‍ണമായി സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ചാണ് വൈറ്റില മേല്‍പ്പാലം നിര്‍മിച്ചിരിക്കുന്നത്. ഇതിന്റെ മറ്റൊരു മെച്ചം പാലത്തിന് ടോള്‍ ഇല്ല എന്നതാണ്. ദേശീയ പാത അതോറിറ്റിയായിരുന്നു നിര്‍മിച്ചതെങ്കില്‍ ജനങ്ങള്‍ ടോള്‍ നല്‍കേണ്ടി വരുമായിരുന്നു.വൈറ്റില മേല്‍പ്പാലം യാഥാര്‍ഥ്യമായതോടെ ദേശീയപാത 66ല്‍ ആലുവ, ആലപ്പുഴ ഭാഗത്തേക്കുള്ള യാത്രക്കാര്‍ക്കു മാത്രമല്ല എറണാകുളം നഗരത്തിലേക്കും തൃപ്പൂണിത്തുറ ഭാഗത്തേക്കും വൈറ്റില ഹബ്ബിലേക്കുമുള്ള യാത്ര എളുപ്പമാകും. 85.9 കോടി രൂപയായിരുന്നു എസ്റ്റിമേറ്റ്. 78.36 കോടി രൂപയ്ക്ക് കരാര്‍ ഉറപ്പിച്ചതുകൊണ്ട് 6.73 കോടി രൂപ മിച്ചംപിടിക്കാനും കഴിഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി പൂര്‍ത്തിയാക്കിയത്.

മൂന്നുവരി വീതമുള്ള രണ്ട് ഫ്‌ളൈ ഓവറുകള്‍ ആയിട്ടാണ് പദ്ധതി നടപ്പാക്കിയത്. ഓരോ പാലത്തിനും 30 മീറ്റര്‍ നീളമുള്ള 12 സ്പാനുകളും 40 മീറ്റര്‍ നീളമുള്ള രണ്ട് സെന്‍ട്രല്‍ സ്പാനുകളുമായി 440 മീറ്റര്‍ നീളമാണുള്ളത്. ഈ നീളവും ഇരുവശങ്ങളിലുമുള്ള അപ്രോച്ച് റോഡും ഉള്‍പ്പെടെ തിരുവനന്തപുരം ഭാഗത്തേക്കുള്ള പാലത്തിന് 717 മീറ്റര്‍ നീളവും ആലുവ ഭാഗത്തേക്കുള്ള പാലത്തിന് 702.41 മീറ്റര്‍ നീളവുമാണുള്ളത്. ഫ്‌ളൈഓവറിന് ഇരുവശത്തുമായി മൊബിലിറ്റി ഹബ്ബില്‍ സുഗമമായി പ്രവേശിക്കുന്നതിനായി 320 മീറ്റര്‍ നീളത്തിലും ആലുവ ഭാഗത്തേക്ക് 375 മീറ്റര്‍ നീളത്തിലും രണ്ടു സ്ലിപ് റോഡുകളും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇരുവശത്തും സര്‍വീസ് റോഡുകളില്‍ വൈദ്യുതിവിളക്കുകള്‍, ഓട എന്നിവയും നിര്‍മാണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാന ഫണ്ട് ഉപയോഗിച്ചാണ് കുണ്ടന്നൂര്‍ പാലവും നിര്‍മിച്ചിരിക്കുന്നത്. വെല്ലിംഗ്ടണ്‍ ഭാഗത്തു നിന്നു വരുന്നഅഞ്ചര മീറ്റര്‍ ഉയരമുള്ള വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ കഴിയുന്ന വിധത്തിലാണ് പാലത്തിന്റെ ഉയരംക്രമീകരിച്ചിരിക്കുന്നത്. സ്ഥലം ഏറ്റെടുക്കല്‍ ഒഴിവാക്കിയാണ് പാലം നിര്‍മിച്ചതെന്ന പ്രത്യേകതയുമുണ്ട്. പാലംയാഥാര്‍ത്ഥ്യമായതോടെ സിഗ്നല്‍ സഹായമില്ലാതെ ഭാഗത്ത് ദേശീയ പാതയിലൂടെ സഞ്ചാരംസാധ്യമായിരിക്കുന്നു. എറണാകുളം നഗരത്തിന്റെ ഗതാഗതക്കുരുക്കിന് വലിയ പരിഹാരമാണ് കുണ്ടന്നൂര്‍പാലത്തിലൂടെ ഉണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.