കേരളത്തിൽ കിഫ്ബി സഹായത്തോടെ പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ മാത്രം ഈ ഘട്ടത്തിൽ 20000 കോടിയിലധികം രൂപയുടെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എറണാകുളം കുണ്ടന്നൂർ മേൽപ്പാലത്തിന്റെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. കിഫ്ബി 50000 കോടിയിലധികം രൂപയുടെ പദ്ധതികൾ ഏറ്റെടുത്തു കഴിഞ്ഞു. പൊതുമരാമത്ത് വകുപ്പിന്റെ പദ്ധതികൾക്കു പുറമെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഒട്ടേറെ പദ്ധതികളുമുണ്ട്. നിലവിൽ 5015 പദ്ധതികളാണ് ഇത്തരത്തിലുള്ളത്. ഇതിൽ 305 പദ്ധതികൾ പൂർത്തിയായി. ബാക്കിയുള്ളവ മാർച്ച് 15നകം പൂർത്തിയാക്കാനാവുമെന്നാണ് കരുതുന്നത്.

ഇടവേളകളില്ലാത്ത പ്രതിസന്ധികളാണ് സംസ്ഥാനം നേരിട്ടത്. എന്നാൽ ഈ പ്രതിസന്ധികൾക്കിടയിലും അടിസ്ഥാന സൗകര്യ വികസനത്തിൽ വിട്ടുവീഴ്ച വരുത്തിയില്ല. നിരവധി പാലങ്ങളുടെയും റോഡുകളുടെയും നിർമാണം ദ്രുതഗതിയിൽ നടക്കുന്നു.

ലൈഫ് പദ്ധതിയുടെ ഭാഗമായി 2.50 ലക്ഷം വീടുകൾ പൂർത്തിയായി. പത്തു ലക്ഷം പേർക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. ബാക്കിയുള്ള വീടുകൾ പൂർത്തിയാക്കാനുള്ള ശ്രമം നടന്നു വരികയാണ്. വീട് നിർമാണത്തിന്റെ നിലവിലെ ഘട്ടങ്ങളിൽ അവസരം ലഭിക്കാതിരുന്നവരുടെ വിവരം ശേഖരിച്ചിട്ടുണ്ട് .

ദാരിദ്ര്യനിർമാർജനമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി വിവിധ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കുന്നു. ക്ഷേമപെൻഷനുകൾ 1500 രൂപയാക്കി. കാർഷിക മേഖലയിലും പുതിയ പദ്ധതികൾക്ക് തുടക്കമിട്ടു. ഇതിലൂടെ ജനങ്ങളുടെ വരുമാന രീതിയിൽ മാറ്റം വരാൻ പോവുകയാണ്. നാടിന്റെ ഭാവിയെക്കണ്ടാണ് ഈ പ്രവർത്തനങ്ങളെല്ലാം നടത്തുന്നത്. ഇതിനായി എല്ലാവരും ഒത്തുചേർന്നു നീങ്ങണമെന്നും  മുഖ്യമന്ത്രി പറഞ്ഞു.