തൃശ്ശൂർ:സംസ്ഥാന പട്ടികജാതി വകുപ്പിന് കീഴിൽ ജില്ലയിലെ പുത്തൂർ ഗ്രാമപഞ്ചായത്തിൽ ബ്രിക്സ് യൂണിറ്റിന് തുടക്കമായി. കുടുംബശ്രീ വനിതകളുടെ കൂട്ടായ്മയിലാണ് പുതിയ സംരംഭം ആരംഭിച്ചിരിക്കുന്നത്. നാല് വനിതകൾ ചേർന്ന് അമ്മ സിമൻ്റ് ബ്രിക്സ് യൂണിറ്റ് എന്ന പേരിൽ മരത്താക്കര വിശ്വനാഥ നഗറിൽ ആരംഭിച്ച യൂണിറ്റ് ചീഫ് വിപ്പ് അഡ്വ. കെ. രാജൻ ഉദ്ഘാടനം ചെയ്തു.സംസ്ഥാന പട്ടികജാതി വികസന വകുപ്പ് അനുവദിച്ച ആറര ലക്ഷം രൂപയാണ് ഈ സംരംഭത്തിൻ്റെ മൂലധനം. വിജി, വന്ദന, ശാന്ത, മണി എന്നിവരാണ് അമ്മ സിമൻ്റ് ബ്രിക്സ് യൂണിറ്റിലെ അംഗങ്ങൾ. വിജിയുടെ വീടിനോട് ചേർന്നാണ് ഈ യൂണിറ്റ് പ്രവർത്തിക്കുന്നത്.സംസ്ഥാന പട്ടികജാതി വകുപ്പ് സ്ത്രീ സംരംഭങ്ങൾ തുടങ്ങുന്നതിന് വേണ്ടി അനുവദിച്ച തുകയിൽ ജില്ലാ കുടുംബശ്രീ മിഷൻ്റെ സഹകരണത്തോടെയാണ് സംരംഭകരെ കണ്ടെത്തിയത്. ജില്ലാ കുടുംബശ്രീ മിഷൻ പട്ടികജാതി കുടുംബശ്രീ അംഗങ്ങൾക്കായി അപേക്ഷ ക്ഷണിച്ചിരുന്നു. ഇതിൽ നിന്നാണ് പുത്തൂരിനെ തിരഞ്ഞെടുത്തത്.ഇവർക്ക് പെരിങ്ങാവ് സോഷ്യോ എക്കണോമിക്സ് യൂണിറ്റിൽ നിന്ന് 40 ദിവസത്തെ ബ്രിക്സ് നിർമാണ പരിശീലനം ലഭിച്ചു.കുടുംബശ്രീ ജില്ലാ മിഷനും സംസ്ഥാന പട്ടികജാതി വികസന വകുപ്പും പുത്തൂർ ഗ്രാമപഞ്ചായത്തും സംയുക്തമായാണ് ഈ സംരംഭത്തിന് തുടക്കം കുറിച്ചത്.

ജില്ലാ കുടുംബശ്രീ മിഷൻ കോഡിനേറ്റർ കെ.വി. ജ്യോതിഷ്കുമാർ, അസിസ്റ്റൻ്റ് കോഡിനേറ്റർ കെ.രാധാകൃഷ്ണൻ എന്നിവരാണ് ഈ പദ്ധതിക്ക് വേണ്ടി പ്രവർത്തിച്ചത്.ചടങ്ങിൽപുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിനി ഉണ്ണികൃഷ്ണൻ അധ്യക്ഷയായി. കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ സതി പുഷ്പാകരൻ, മെമ്പർമാരായ എൻ.ജി സനൂപ്, ജോസഫ് പടമാടൻ എന്നിവർ പങ്കെടുത്തു.