ആലപ്പുഴ: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും ആരോഗ്യ വകുപ്പിന്റെ കോവിഡ് പ്രതിരോധ നടപടികള്‍ വിലയിരുത്തുന്നതിനുമായി കേന്ദ്രസംഘം ജില്ലയിലെത്തി.
പക്ഷിപ്പനി വരാനുണ്ടായ സാഹചര്യങ്ങൾ പരിശോധിക്കുവാനും ഇത് ഏതെങ്കിലും സാഹചര്യത്തിൽ മനുഷ്യരിലേയ്ക്ക് പകരുമോ എന്ന് പഠിക്കുവാനും വേണ്ടി കേന്ദ്ര ഭക്ഷ്യസംസ്‌കരണ വ്യവസായ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി മിന്‍ഹാജ് ആലം, ന്യൂഡല്‍ഹിയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടര്‍ ഡോ. എസ്.കെ. സിംഗ് എന്നിവരും കഴിഞ്ഞദിവസം ജില്ല സന്ദർശിച്ച കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിലെ പബ്ലിക് ഹെൽത്ത് സ്പെഷലിസ്റ്റ് ഡോക്ടർ രുചി ജയ്ൻ, പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി സയൻറിസ്റ്റ് ഡോക്ടർ ശൈലേഷ് പവാർ, ഡല്ഹി ആർ എം എൽ ആശുപത്രി ഫിസിഷ്യൻ അനിത് ജിൻഡാൽ എന്നിവരും ജില്ലയിലെ പക്ഷിപ്പനി സ്ഥിരീകരിച്ച കരുവാറ്റ എസ് എൻ കടവ്, തകഴി എന്നിടങ്ങളിലെ
രോഗ ബാധിത മേഖലകള്‍ സന്ദര്‍ശിച്ചു.
പക്ഷിപ്പനിയുടെ വ്യാപനം, വൈറസിന്റെ സ്വഭാവം, കേന്ദ്ര മാനദണ്ഡപ്രകാരം പക്ഷികളെ കൊന്ന് നശിപ്പിക്കല്‍ സംബന്ധിച്ച് പഠിക്കാനും റിപ്പോര്‍ട്ട് നല്‍കാനുമാണ് സംഘത്തിന്റെ സന്ദര്‍ശനം. താറാവ് കർഷകരായ ദേവരാജനിൽ നിന്നും ജോമോനിൽ നിന്നും താറാവുകൾക്ക് അസുഖം വന്നത് മുതൽ ഇതുവരെയുള്ള വിവരങ്ങൾ ചോദിച്ചറിഞ്ഞു. 2016ലെ പക്ഷിപ്പനി ഉണ്ടായ പ്രദേശങ്ങളിലാണ് ഇത്തവണയും തകഴിയിൽ പക്ഷിപ്പനി പടർന്നു പിടിച്ചിരിക്കുന്നത്.
ഈ സ്ഥലങ്ങളിൽ ദേശാടന പക്ഷികളുടെ സാനിധ്യം ഉള്ളതിനാൽ അവയുടെ സാമ്പിൾ ശേഖരിച്ചു ടെസ്റ്റ് ചെയ്യുവാൻ വേണ്ട ക്രമീകരങ്ങൾ സ്വീകരിക്കുവാൻ ഫോറസ്റ്റ് ഡിപ്പാർട്മെന്റിന് സംഘം നിർദ്ദേശം നൽകി.
ജില്ലാ കളക്ടർ എ അലക്സാണ്ടർ, പഞ്ചായത്ത് പ്രതിനിധികൾ,മൃഗ സംരക്ഷണ വകുപ്പ്, നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ ടീം എന്നിവർ കേന്ദ്ര സംഘത്തോടൊപ്പം സന്ദർശനത്തിന് ഒപ്പമുണ്ടായിരുന്നു.