എറണാകുളം: ദേശീയ പാത 66ലെ വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ സംസ്ഥാനാന്തര ഗതാഗതത്തിനും മുൽക്കൂട്ടാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ പറഞ്ഞു. നിർമാണരംഗത്ത് പൊതുമരാമത്ത് വകുപ്പിന് കാലത്തിനൊത്ത പുരോഗതി കൈവരിക്കാൻ സാധിച്ചു. ഗ്രാമങ്ങളിൽപോലും ബി.എം.ബി.സി റോഡുകൾ സാധ്യമായതോടെ സമൂഹത്തിൽ മാറ്റങ്ങൾ വരികയാണ്. കുണ്ടന്നൂർ മേൽപ്പാലത്തിന്റെ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

നാലര വർഷകാലയളവിൽ പുതുതായി 400 ൽ അധികം പാലങ്ങളുടെ നിർമാണം പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിർമാണം ആരംഭിച്ച എല്ലാ പാലങ്ങളുടെ നിർമാണവും ഈ സർക്കാർ പൂർത്തിയാക്കി. പൊതുമരാമത്ത് വകുപ്പ് മാന്വൽ പാലിച്ചാണ് പാലങ്ങളുടെ നിർമാണം പൂർത്തിയാക്കി പൊതുജനങ്ങൾക്കായി തുറന്ന് നൽകുന്നത്. നിർമാണം പൂർത്തിയാക്കി കാലതാമസമില്ലാതെയാണ് ജനങ്ങൾക്ക് തുറന്ന് നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി.

നൂറ് വർഷം കേടുപാടുകൾ വരാത്ത വിധം പാലാരിവട്ടം പാലത്തിന്റെ നിർമാണം എട്ട് മാസത്തിനുളളിൽ തീർക്കും. ഇത് കേരളത്തിന്റെ നിർമാണ ചരിത്രത്തിൽ അത്ഭുതമാകും. ദേശീയപാത ആറുവരിയാക്കുന്നതിന്റെ നടപടികൾ സംസ്ഥാനത്ത് ആരംഭിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു.