ആലപ്പുഴ : ജില്ലയിലെ വിവിധ ഭൂമി ഏറ്റെടുക്കൽ പദ്ധതികളുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. ജില്ലാ കോടതി പാലം, പുന്നമട പാലം, ശവക്കോട്ടപ്പാലം, മത്സ്യഗന്ധി – വാടപ്പൊഴി പാലം, തട്ടാശ്ശേരി പാലം എന്നിവയുടെ സ്ഥലം ഏറ്റെടുക്കുന്ന വിഷയവുമായി ബന്ധപ്പെട്ടാണ് ജില്ലയിലെ വിവിധ സർക്കാർ വകുപ്പുകളുടെ യോഗം ചേർന്നത്.
ജില്ലാ കോടതി പാലവുമായി ബന്ധപ്പെട്ട നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചാൽ ഉടൻ ഒഴിഞ്ഞു പോകേണ്ടതായ സർക്കാർ ഓഫീസ് മേധാവികളും യോഗത്തിൽ പങ്കെടുത്തു. ഈ ഓഫീസുകളുടെ പ്രവർത്തനത്തിന് ആവശ്യമായ മറ്റ് അനുയോജ്യ സ്ഥലങ്ങൾ 15 ദിവസത്തിനകം കണ്ടെത്തുന്നതിനും, പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതിനും ആവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ഡെപ്യൂട്ടി കളക്ടർ (എൽ എ) സാജിത ബീഗം, പിഡബ്ല്യുഡി എഞ്ചിനീയർമാർ, ലാൻഡ് അക്വിസിഷൻ ഓഫീസർമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.