ഭവനരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി ആരംഭിച്ച ലൈഫ് മിഷന്‍ പദ്ധതിയില്‍ സുവര്‍ണ നേട്ടവുമായി പൂഞ്ഞാര്‍. ലൈഫ് മിഷന്‍ സ്പില്‍ ഓവര്‍ പദ്ധതിയില്‍ 100 ശതമാനം തുക വിനിയോഗം നടത്തിയാണ് പഞ്ചായത്ത് സുവര്‍ണ നേട്ടത്തിലെത്തിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്തിലെ 16 കുടുംബങ്ങള്‍ക്കാണ് വീടു നല്‍കിയത്. ആകെ 14.40 ലക്ഷം രൂപയുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു. വര്‍ഷങ്ങളായി നിര്‍മാണം മുടങ്ങിക്കിടന്ന ഗുണഭോക്താക്കള്‍ക്കാണ് ഇപ്പോള്‍ വീട് നല്‍കിയിരിക്കുന്നത്.
ഇ.എം.എസ് ഭവന പദ്ധതി പ്രകാരം 2010 മുതല്‍ 2012 വരെ പൂര്‍ത്തീകരിക്കാത്ത 13 വീടുകളും ഐ.എ.വൈ ഭവനപദ്ധതി പ്രകാരം 2014 മുതല്‍ 2016 വരെ പൂര്‍ത്തിയാകാത്ത മൂന്ന് വീടുകളുമാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. ഈ കുടുംബങ്ങള്‍ക്കായി പുതിയ പദ്ധതി രൂപീകരിച്ചാണ് ഫണ്ട് നല്‍കിയത്. ജില്ലാ പഞ്ചായത്തില്‍ നിന്നും 6,85,000 രൂപ കൂടി അനുവദിച്ചതോടെ നിര്‍മാണം പൂര്‍ത്തിയായി. ഈരാറ്റുപേട്ട ഗ്ലോബല്‍ അസോസിയേഷന്‍,കുടുംബശ്രീ തുടങ്ങിയ സംഘങ്ങളുടെ സഹകരണവും നിര്‍മാണം വേഗത്തിലാക്കി. ഇതോടെ ലൈഫ് മിഷന്‍ ഭവനപദ്ധതിയുടെ ആദ്യഘട്ടം പഞ്ചായത്ത് വിജയകരമായി പൂര്‍ത്തിയാക്കി. കുറഞ്ഞ കാലയളവിനുള്ളില്‍ 16 കുടുംബങ്ങള്‍ക്ക് സ്വന്തമായൊരു ഭവനമെന്ന സ്വപ്നം പൂര്‍ത്തീകരിക്കാന്‍ സാധിച്ചെന്നു പ്രസിഡന്റ് രമേഷ് ബി.വെട്ടിമറ്റം പറഞ്ഞു. ലൈഫ് മിഷന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളും ഗ്രാമപഞ്ചായത്ത് തുടങ്ങിക്കഴിഞ്ഞു. ഈ സാമ്പത്തിക വര്‍ഷം 17 ലക്ഷം രൂപയാണ് ലൈഫ് പദ്ധതിക്കായി പഞ്ചായത്ത് വകയിരുത്തിയിട്ടുള്ളത്. പുതിയ 65 വീടുകളാണ് ഇതില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്നത്.
