* ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഉദേ്യാഗസ്ഥ സംഘം  സന്ദർശനം നടത്തി
ജനകീയ കൂട്ടായ്മയിലൂടെ മാലിന്യമുക്തമാക്കപ്പെട്ട കിള്ളിയാറിന്റെ ഇരുകരകളും ബലപ്പെടുത്തുന്നതിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യാനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധുവിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പിലെ ഉദേ്യാഗസ്ഥരും ജനപ്രതിനിധികളും കിള്ളിയാർ സന്ദർശിച്ചു.  കരകുളം ഗ്രാമപഞ്ചായത്തിൽപ്പെട്ട പ്രദേശങ്ങളിലാണ് സംഘം സന്ദർശനം നടത്തിയത്.
കുടുംബശ്രീ, തദ്ദേശസ്വയംഭരണ-ജലസേചന വകുപ്പുകളിലെ ഉദേ്യാഗസ്ഥരാണ് സംഘത്തിലുള്ളത്.  കരകൾ ബലപ്പെടുത്തൽ, ചെക്ക് ഡാം നിർമാണം, കയർ ഭൂവസ്ത്രം എന്നിവയെക്കുറിച്ച് സംഘാംഗങ്ങൾ വിശദമായി ചർച്ച ചെയ്തു.  കരകുളം പഞ്ചായത്തിലൂടെ എട്ടു കിലോമീറ്ററാണ് കിള്ളിയാർ ഒഴുകുന്നത്.  കൂട്ടായ ചർച്ചയിലൂടെ തീരുമാനമെടുത്ത് ഉടൻതന്നെ വിശദമായ പദ്ധതി രേഖ സർക്കാരിന് സമർപ്പിക്കുമെന്നും മാലിന്യനിർമാർജന പ്രവർത്തനങ്ങളിൽ നാടൊരുമിച്ചതുപോലെ തുടർ പ്രവർത്തനങ്ങളിലും ഏല്ലാവരും ഒറ്റക്കെട്ടായി നിൽക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. ബിജു, കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്. അനില, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വികാസ്, രവീന്ദ്രൻ, പ്രീത, ജില്ലാ പ്ലാനിംഗ് ഓഫീസർ വി.എസ്. ബിജു തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.