ക്ലീൻ പുന്നയൂർക്കുളം പദ്ധതിയുടെ ഭാഗമായി പുന്നയൂർക്കുളം പഞ്ചായത്തിൽ ‘ഹരിതം അങ്കണവാടികൾ’ നിലവിൽ വന്നു. പഞ്ചായത്ത് പരിധിയിൽ ഹരിത ചട്ടപാലന നടപടികൾ വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായി 32 അങ്കണവാടികളിലേക്ക് 100 വീതം
3200 സ്റ്റീൽ പ്ലേറ്റുകളും ഗ്ലാസുകളും വിതരണം ചെയ്തു. ഹരിത ചട്ടപാലനത്തിനായുള്ള പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ
ഷെഹീർ നിർവഹിച്ചു.

അങ്കണവാടികളിൽ ഗ്രീന്‍ പ്രോട്ടോക്കോള്‍ ഉറപ്പാക്കുന്നതിനൊപ്പം നാട്ടിൽ നടക്കുന്ന വിവാഹങ്ങൾ, മറ്റ് ചടങ്ങുകള്‍ എന്നിവിടങ്ങളിലേക്ക് ആവശ്യമായ സ്റ്റീല്‍ പാത്രങ്ങള്‍ അങ്കണവാടി വെൽഫെയർ കമ്മിറ്റി വഴി വാടകയ്ക്ക് ലഭ്യമാക്കും.ഇതു വഴി ലഭിക്കുന്ന തുക അങ്കണവാടികളുടെ ദൈനംദിന ചിലവുകൾക്ക് ഉപയോഗിക്കും. പ്ലാസ്റ്റിക്ക്, തെര്‍മോക്കോൾ നിര്‍മിതമായ എല്ലാത്തരം ഡിസ്‌പോസിബിള്‍ വസ്തുക്കളുടെ ഉപയോഗം പൂര്‍ണ്ണമായി ഒഴിവാക്കാനും മാലിന്യം രൂപപ്പെടുന്നതിന്റെ അളവ് പരമാവധി കുറയ്ക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.

പുന്നയൂർക്കുളം പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ കെ നിസാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിജു പുള്ളിക്കര, ഹാജറ കമറുദ്ധീൻ, ബിന്ദു, ശോഭ പ്രേമൻ, പ്രേമ സിദ്ധാർത്ഥൻ, ആലത്തേരി മൂസ എന്നിവർ പങ്കെടുത്തു.