ഗവര്‍ണറുടെ പിറന്നാള്‍: ആശ്രയയ്ക്ക് ധനസഹായം 

69 ാം പിറന്നാള്‍ ദിനത്തില്‍ ആര്‍ സി സിയിലെ നിര്‍ദ്ധനരോഗികള്‍ക്ക് സൗജന്യമായി ആഹാരം നല്‍കുന്ന ആശ്രയ എന്ന സംഘടനയ്ക്ക് സ്വന്തം സമ്പാദ്യത്തില്‍ നിന്ന് 25,000 രൂപയുടെ ചെക്ക് ഗവര്‍ണര്‍ പി. സദാശിവം കൈമാറി.
കഴിഞ്ഞ മൂന്നു വര്‍ഷമായി ആഘോഷങ്ങളൊഴിവാക്കി ആശ്രയയ്ക്ക് ധനസഹായം നല്‍കുന്നതാണ് ഗവര്‍ണറുടെ പതിവ്. ആശ്രയ ഭാരവാഹികളായ ശാന്ത ജോസ്, ലിസി കുരിയന്‍, റജി മാത്തന്‍ എന്നിവര്‍ ചേര്‍ന്ന് തുക ഏറ്റുവാങ്ങി. രാജ്ഭവനില്‍ ഒരു മുള ഉദ്യാനവും അദ്ദേഹം ഉദ്ഘാടനം ചെയ്തു. ഗവര്‍ണര്‍, പത്‌നി സരസ്വതി സദാശിവം, ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ദേവേന്ദ്രകുമാര്‍ ധോദാവത് എന്നിവര്‍ ഉദ്യാനത്തില്‍ തൈകള്‍ നട്ടു.
ഗവര്‍ണറുടെ നിര്‍ദേശപ്രകാരം രാജ്ഭവന്റെ വടക്കു കിഴക്ക് ഭാഗത്ത് 25 സെന്റിലാണ് ഈ ഉദ്യാനം ഒരുക്കിയത്. ഇവിടെ നേരത്തെ ഉണ്ടായിരുന്ന മുളങ്കൂട്ടത്തിനു ചുറ്റും കല്‍ത്തിട്ട കെട്ടി ചുറ്റിനും പുല്‍ത്തകിടിയും അതിന്റെ നടുവില്‍ നടപ്പാതയും നിര്‍മിച്ചു. നാലുമാസം കൊണ്ട് രാജ്ഭവന്‍ ഗാര്‍ഡനിലുള്ളവര്‍ തന്നെയാണ് ഈ ഉദ്യാനം തയ്യാറാക്കിയത്. ബുഷ് ബാംബൂ, മഞ്ഞ മുള, മിസോറാം മുള, ഈറ്റ, ഓട മുള തുടങ്ങിയ ഒമ്പത് ഇനം മുളകളാണ് ഇവിടെ നട്ടത്. അലങ്കാരത്തിനായി പുല്‍ത്തകിടിയില്‍ കല്‍വിളക്കും ശില്‍പ്പങ്ങളുമുണ്ട്.
ഇതിനകം 116 തവണ രക്തദാനം നിര്‍വഹിച്ച രാജ്ഭവന്‍ ഗാര്‍ഡനര്‍ എം. അശോകനെ ചടങ്ങില്‍ ഗവര്‍ണര്‍ ആദരിച്ചു.