കൊച്ചി: ജലഗതാഗതം ശക്തിപ്പെടുത്തുന്നതിന് സര്‍ക്കാര്‍ കൂടുതല്‍ പ്രാധാന്യം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വെള്ളത്താല്‍ ചുറ്റപ്പെട്ട പ്രദേശമെന്ന നിലയില്‍ കൊച്ചിക്ക് ഇക്കാര്യത്തില്‍ സുപ്രധാന പരിഗണനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫോര്‍ട്ടുകൊച്ചിയ്ക്കും വൈപ്പിനും ഇടയില്‍ ആരംഭിച്ച റോ റോ ജങ്കാര്‍ സര്‍വീസിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
കൊച്ചിയില്‍ മെട്രോ റെയിലും ജലഗതാഗതവും ബസ്, ടാക്‌സി, ഓട്ടോറിക്ഷ എന്നിവയും ഉള്‍പ്പെടുന്ന സമഗ്ര മാതൃകയാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. വാട്ടര്‍ മെട്രോ യാഥാര്‍ത്ഥ്യമാകുന്നതോടെ ജലഗതാഗത രംഗത്ത് വലിയ മാറ്റമാണ് കൊച്ചിയില്‍ ഉണ്ടാകുക. ഫോര്‍ട്ടുകൊച്ചി-വൈപ്പിന്‍ റോ റോ സര്‍വീസ് സംസ്ഥാനത്തെ മറ്റു പ്രദേശങ്ങള്‍ക്കും മാതൃകയാകട്ടെയെന്ന് മുഖ്യമന്ത്രി ആശംസിച്ചു.
മേയര്‍ സൗമിനി ജയിന്‍ അധ്യക്ഷത വഹിച്ചു. കൊച്ചി ബിഷപ്പ് ഡോ.ജോസഫ് കരിയില്‍, പ്രൊഫ.കെ.വി.തോമസ് എംപി, എംഎല്‍എമാരായ കെ ജെ മാക്‌സി, എസ്.ശര്‍മ, ഹൈബി ഈഡന്‍, ജോണ്‍ ഫെര്‍ണാണ്ടസ്, ജിസിഡിഎ ചെയര്‍മാന്‍ സി.എന്‍. മോഹനന്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ്, മുന്‍ എം.പി പി.രാജീവ്, ടോണി ചമ്മിണി, നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ഗ്രേസി ജോസഫ്, എ.ബി. സാബു, വി.കെ. മിനിമോള്‍, പി.എം. ഹാരിസ്, ഷൈനി മാത്യു, കെ.വി.പി കൃഷ്ണകുമാര്‍, ഡോ. പൂര്‍ണിമ നാരായണ്‍, കൗണ്‍സിലര്‍ കെ.ജെ ആന്റണി തുടങ്ങിയവര്‍ പങ്കെടുത്തു.