വികസനമെത്തുക പദ്മനാഭപുരം കൊട്ടാരം മുതല്‍ ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രം വരെ
പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി
തിരുവിതാംകൂറിന്റെ തനത് സാംസ്‌കാരിക പൈതൃകവും തനിമയും നിലനിര്‍ത്തുന്നതിനായി നൂറു കോടി ചെലവഴിച്ച് സംസ്ഥാനസര്‍ക്കാര്‍ നടപ്പിലാക്കുന്ന തിരുവിതാംകൂര്‍ ഹെറിറ്റേജ് ടൂറിസം പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം. വിവിധ കൊട്ടാരങ്ങള്‍, മാളികകള്‍, ക്ഷേത്രങ്ങള്‍ എന്നിവയുടെ പഴമ നഷ്ടപ്പെടാതെ സംരക്ഷിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ലയുടെ ടൂറിസം വികസനത്തിന് പുത്തനുണര്‍വേകുന്ന പദ്ധതി നാല് ഘട്ടങ്ങളിലായാണ് നടപ്പിലാക്കുന്നത്.
ആദ്യഘട്ടത്തില്‍ ശ്രീപദ്മനാഭ സ്വാമി ക്ഷേത്ര പരിസരം, കിഴക്കേക്കോട്ട, എംജി റോഡ് മുതല്‍ വെള്ളയമ്പലം വരെയുള്ള പ്രൗഢഭംഗിയാര്‍ന്ന 19 കെട്ടിട സമുച്ചയങ്ങള്‍ എന്നിവ അത്യാധുനിക പ്രകാശ സംവിധാനങ്ങള്‍ സ്ഥാപിച്ച് മനോഹരമാക്കും. തുടര്‍ന്ന് കിഴക്കേകോട്ട മുതല്‍ ഈഞ്ചക്കല്‍ വരെ 21 കെട്ടിട സമുച്ചയങ്ങളും സംരക്ഷിച്ച് അലങ്കാര ദീപങ്ങളാല്‍ ആകര്‍ഷകമാക്കും. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്. രണ്ടാംഘട്ടത്തില്‍ തിരുവനന്തപുരം ജില്ലയിലെ ചരിത്ര സ്മാരകങ്ങളുടെ പുനരുദ്ധാരണമാണ് നടപ്പിലാക്കുന്നത്. ആറ്റിങ്ങല്‍ കൊട്ടാരം, ആനന്ദവിലാസം, രംഗവിലാസം, സുന്ദരവിലാസം കൊട്ടാരങ്ങളടക്കം സംരക്ഷിച്ച് മനോഹരമാക്കി പ്രകാശ സംവിധാനങ്ങള്‍ സ്ഥാപിക്കും.
പദ്ധതിയുടെ ഭാഗമായി സെക്രട്ടറിയേറ്റ് മന്ദിരം ലേസര്‍ പ്രൊജക്ഷന്‍ വഴി ആകര്‍ഷകമാക്കുകയും സെക്രട്ടേറിയേറ്റ് മന്ദിരത്തില്‍ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം ഡിജിറ്റല്‍ സംവിധാനത്തിലൂടെ ആവിഷ്‌കരിക്കുകയും ചെയ്യും. തിരുവനന്തപുരത്തിന്റെ പ്രൗഢി വിളിച്ചോതുന്ന കെട്ടിടങ്ങളെല്ലാംതന്നെ അത്യാധുനിക വൈദ്യുത ദീപാലങ്കാരങ്ങളാല്‍ പ്രകാശിതമാകുന്നതോടെ രാത്രികാല ടൂറിസം കേന്ദ്രം കൂടിയായി തലസ്ഥാന നഗരം മാറുമെന്ന് ടൂറിസം സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
ലോക പ്രശസ്ത ചിത്രകാരന്‍ രാജാരവിവര്‍മ്മയുടെ ജന്മഗൃഹമായ കിളിമാനൂര്‍ കൊട്ടാരവും പദ്ധതിയുടെ ഭാഗമായി നവീകരിക്കും. തിരുവിതാംകൂറിന്റെ ചരിത്രപ്രസിദ്ധമായ പൈതൃക സ്മാരകങ്ങളെ സംരക്ഷിക്കുന്നതിനും അന്താരാഷ്ട്ര തലത്തില്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനും തിരുവിതാംകൂര്‍ ഹെറിറ്റേജ് ടൂറിസം പദ്ധതിയിലൂടെ സാധിക്കും. രാജ്യത്തെ വിവിധ ഇടങ്ങളില്‍ ചരിത്ര സ്മാരകങ്ങളുടെ സംരക്ഷണത്തില്‍ പ്രസിദ്ധരായ ആഭാ നാരായണന്‍ ലാംബ അസോസിയേറ്റ്സാണ് പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയത്. ചരിത്ര സ്മാരകമായ പദ്മനാഭപുരം കൊട്ടാരം മുതല്‍ ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രം വരെ നീളുന്നതാണ് പൈതൃക ടൂറിസം പദ്ധതി.