കൊച്ചി: നാഷണല്‍ ഹൈവേ -66  വികസനത്തിന്റെ ഭാഗമായുള്ള സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട നടപടികള്‍ ഓഗസ്റ്റില്‍ പൂര്‍ത്തിയാക്കും. നാഷണല്‍ ഹൈവേ വികസനം സംബന്ധിച്ച് ബോള്‍ഗാട്ടി ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ കേന്ദ്ര ഗതാഗത ഹൈവേ ഷിപ്പിംഗ് മന്ത്രി നിതിന്‍ ഗഡ്കരിയുടെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും നേതൃത്വത്തില്‍ നടന്ന അവലോകനയോഗത്തിലാണ് തീരുമാനം.

പരിസ്ഥിതി, ജനസാന്ദ്രത തുടങ്ങി വിവിധ ഘടകങ്ങള്‍ പരിഗണിച്ച ശേഷം റോഡ് വികസനത്തിന് ലഭ്യമായതും ഏറ്റവും യോഗ്യമായതുമായ സ്ഥലമാണ് നാഷണല്‍ ഹൈവേ വികസനത്തിന് തെരഞ്ഞെടുത്തിരിക്കുന്നതെന്ന് ചീഫ് സെക്രട്ടറി പോള്‍ ആന്റണി പറഞ്ഞു. കാസര്‍ഗോഡ് തലപ്പാടി – ചെങ്ങല റോഡ് വികസനത്തിനായി സ്ഥലമേറ്റെടുക്കലിന് ഹെക്ടറിന് ഏഴുകോടി 50 ലക്ഷത്തിലധികം രൂപ ചെലവു വരുമെന്ന്് പൊതുമരാമത്തുവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജി കമലവര്‍ധന റാവു അറിയിച്ചു.  ഈ തുക നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ നല്‍കും. പകരം കാസര്‍കോട് പെരിയയില്‍ കണ്ടെത്തിയ 35 ഏക്കര്‍ ഭൂമി  നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യക്ക് മള്‍ട്ടിമോഡല്‍ ലോജിസ്റ്റിക് പാര്‍ക്ക് നിര്‍മിക്കുന്നതിനായി വിട്ടുകൊടുക്കും.

എന്‍ എച്ച്് 66 വികസനത്തിന്റെ ഭാഗമായുള്ള അറുപത് വര്‍ഷത്തോളം പഴക്കം വരുന്ന രണ്ടു പാലങ്ങളുടെ പുനര്‍ നിര്‍മാണം അടിയന്തരപ്രാധാന്യത്തോടെ എറ്റെടുത്ത് നടത്തണമെന്ന് സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. പാലോളി, കോഴിക്കോട് ജില്ലയിലെ മൂരാട് പാലങ്ങളുടെ നിര്‍മാണം എന്‍എച്ച്എഐ അടിയന്തിര പ്രാധാന്യത്തോടെ ഏറ്റെടുക്കാന്‍ തീരുമാനമായി.

തുറമുഖങ്ങളെ ബന്ധപ്പെടുത്തിയുള്ള സാഗരമാല പദ്ധതികളുടെയും ഡീറ്റെയില്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ട് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. ഇത് ഉടന്‍ സമര്‍പ്പിക്കണമെന്ന് കേന്ദ്രമന്ത്രി നിര്‍ദേശം നല്കി. ഭാരതമാല പദ്ധതിയില്‍പ്പെടുത്തി സംസ്ഥാനത്ത് നടപ്പാക്കുന്ന എല്ലാ പദ്ധതികളും വേഗത്തിലാക്കും. എന്‍എച്ച് -66നു പുറമെ കഴക്കൂട്ടം- മുക്കോല, കൊച്ചി- മധുര, കൊല്ലം- തേനി, തൃശൂര്‍- വാളയാര്‍ പദ്ധതികള്‍ ഭാരത് മാല പദ്ധതിയില്‍ പെടുന്നവയാണ്.

തിരുവനന്തപുരം എയര്‍പോര്‍ട്ട് റാമ്പ് നിര്‍മാണം:  മുഴുവന്‍ തുകയും എന്‍എച്ച്എഐ വഹിക്കും : തിരുവനന്തപുരത്ത ് എയര്‍പോര്‍ട്ട് റാമ്പ് നിര്‍മാണത്തിനായുള്ള മുഴുവന്‍ തുകയും എന്‍എച്ച്എഐ ചെലവാക്കും. 140 കോടി രൂപ തുക വരുന്ന ഈ പദ്ധതിയുടെ പകുതി തുക സംസ്ഥാന സര്‍ക്കാര്‍ ചെലവഴിക്കണമെന്നായിരുന്നു നേരത്തെയുള്ള നിര്‍ദേശം. ഈ തുക മുഴുവന്‍ കേന്ദ്രസര്‍ക്കാര്‍ വഹിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം കേന്ദ്രമന്ത്രി അംഗീകരിച്ചു.

തിരുവനന്തപുരം റിങ്‌റോഡ് പദ്ധതി:  തിരുവനന്തപുരം റിങ്‌റോഡ് പദ്ധതി നടപ്പാക്കല്‍ വേഗത്തിലാക്കും. റിങ്‌റോഡ് പദ്ധതിയുടെ സ്ഥലമേറ്റെടുക്കലിന് ചെലവ് വരുന്ന തുകയുടെ 50% സംസ്ഥാനസര്‍ക്കാരും 50% കേന്ദ്രസര്‍ക്കാരും ആണ് ചെലവഴിക്കുക. പദ്ധതിയുടെ അലൈന്‍മെന്റ് തിട്ടപ്പെടുത്താനും ഉടന്‍തന്നെ പ്രദേശത്തെ രജിസ്‌ട്രേഷന്‍ നടപടികള്‍ നിര്‍ത്തിവയ്ക്കാനും കേന്ദ്രമന്ത്രി നിര്‍ദേശിച്ചു. കേന്ദ്രസര്‍ക്കാര്‍ ചെലവഴിക്കുന്ന തുകയ്ക്ക് പകരമായി പൊതുവികസനത്തിന് അനുയോജ്യമായ ഭൂമി കണ്ടെത്തുകയാണെങ്കില്‍ എന്‍ എച്ച് എഐയ്ക്ക് കൈമാറാനും മന്ത്രി നിര്‍ദ്ദേശിച്ചു.

കുമ്പളം ടോള്‍പ്‌ളാസ മാറ്റി സ്ഥാപിക്കുന്ന കാര്യവും യോഗം ചര്‍ച്ച ചെയ്തു. നിലവിലെ ടോള്‍പഌസയ്ക്ക് അകലെയല്ലാതെ മറ്റൊരു സാധ്യത കണ്ടെത്തിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള പറഞ്ഞു. സര്‍ക്കാര്‍ ഭൂമിയായ  ഈ ഭാഗത്തേയ്ക്ക് ടോള്‍ബൂത്ത് മാറ്റി സ്ഥാപിക്കുകയാണെങ്കില്‍ ആര്‍ക്കും വീട് നഷ്ടപ്പെടുകയില്ല. സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധികളെക്കൂടി ഉള്‍പ്പെടുത്തി ഈ പ്രദേശത്ത് ടോള്‍ബൂത്ത് മാറ്റിസ്ഥാപിക്കാനുള്ള സാധ്യത പരിശോധിക്കാന്‍ മന്ത്രി നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ പ്രതിനിധികളെ ചുമതലപ്പെടുത്തി.

ജലഗതാഗതം മെച്ചപ്പെടുത്താന്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് ചീഫ്‌സെക്രട്ടറി യോഗത്തില്‍ പറഞ്ഞു. ജലഗതാഗതപാത വികസിപ്പിക്കാന്‍ കേന്ദ്രസഹായം നല്കാമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. സംസ്ഥാനത്തെ മറ്റ് നാഷണല്‍ ഹൈവേ പദ്ധതികളുടെ പുരോഗതി അവലോകനവും യോഗത്തില്‍ നടന്നു.

പൊതുമരാമത്തു മന്ത്രി ജി സുധാകരന്‍, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി എച്ച് കുര്യന്‍, കോംപീറ്റന്റ് അതോറിറ്റി ലാന്റ് അക്വിസിഷന്‍ (കാല) സ്‌പെഷ്യല്‍ ഓഫീസര്‍ ബിജു,  ജില്ലാ കളക്ടര്‍മാരായ എസ് കാര്‍ത്തികേയന്‍ (കൊല്ലം), കെ മുഹമ്മദ് വൈ സഫിറുള്ള (എറണാകുളം), എ കൗശികന്‍ (തൃശൂര്‍), അമിത് മീണ (മലപ്പുറം), യു വി ജോസ് (കോഴിക്കോട്), മിര്‍ മുഹമ്മദ് അലി (കണ്ണൂര്‍) , പി സുരേഷ് ബാബു (പാലക്കാട്), നാഷണല്‍ ഹൈവേ അതോറിറ്റി ടെക്‌നിക്കല്‍ സിജിഎം അലോക് ദീപാങ്കര്‍, ടെക്‌നികല്‍ മെമ്പര്‍ ഡി ഒ തവാഡെ, എന്‍എച്എഐ പ്രതിനിധികളായ അശ്വിന്‍ ദ്വിവേദി , വി വി ശാസ്ത്രി, പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയര്‍ പി ജി സുരേഷ്, പോര്‍ട് ട്രസ്റ്റ് ചെയര്‍മാന്‍ പി രവീന്ദ്രന്‍, ഡെപ്യൂട്ടി ചെയര്‍മാന്‍ എ വി രമണ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.