കൊല്ലം: പൊതുജനങ്ങളെ ഉള്‍പ്പെടുത്തി ദുരന്ത നിവാരണ പരിശീലനവും ബോധവത്കരണവും അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ അനുകരണീയമായ മാതൃകയാണ് ട്രോമാ കെയര്‍ ആന്റ് റോഡ് ആക്‌സിഡന്റ് എയ്ഡ് സെന്ററി(ട്രാക്ക്)ന്റേതെന്ന് മന്ത്രി കെ കെ ശൈലജ. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ആര്‍ ടി ഒ മാരുടെ നേതൃത്വത്തില്‍ വിവിധ ജില്ലകളില്‍ രൂപീകരിച്ച സമിതിയായ ട്രാക്ക് വാങ്ങി നല്‍കിയ ഐ സി യു ആംബുലന്‍സിന്റെ ഉദ്ഘാടനം കലക്‌ട്രേറ്റ് അങ്കണത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
പരിശീലനം ലഭിച്ച ട്രാക്ക് സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം എല്ലാ മേഖലകളിലും ലഭ്യമായാല്‍ ദുരന്ത മുഖങ്ങളിലെ അപകട തീവ്രത കുറയ്ക്കാന്‍ ഒരു പരിധിവരെ സഹായിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും സാമൂഹ്യ സേവന രംഗത്തും സജീവ ഇടപെടലുകളാണ് ട്രാക്കിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നതെന്ന് ആംബുലന്‍സിന്റെ ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ച ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ പറഞ്ഞു.
ദുരന്ത മേഖലയിലെ പ്രവര്‍ത്തനം, ദുരന്ത നിവാരണം സംബന്ധിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും പരിശീലനം നല്‍കി പൗര•ാരുടെ സേന രൂപീകരിക്കല്‍, ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കല്‍ തുടങ്ങിയവയാണ് ട്രാക്കിന്റെ മേല്‍നോട്ടത്തില്‍ നടന്നുവരുന്നത്.
ട്രാക്ക് പ്രസിഡന്റ് പി എ സത്യന്‍, ഗവേര്‍ണിങ്ങ് ബോഡി കോര്‍ഡിനേറ്റര്‍ ആര്‍ ടി ഒ ആര്‍ രാജീവ്, ട്രാക്ക് വൈസ് പ്രസിഡന്റ് ഡെപ്യൂട്ടി ഡി എം ഒ ഡോ സി.ആര്‍.ജയശങ്കര്‍, ജോയിന്റ് ആര്‍ ടി ഒ വി ജോയ്, ട്രാക്ക് സെക്രട്ടറി ജോര്‍ജ് എഫ് സേവ്യര്‍ വലിയവീട്, വൈസ് പ്രസിഡന്റും ഹോളിക്രോസ്സ് ഹോസ്പിറ്റല്‍ എമര്‍ജന്‍സി വിഭാഗം മേധാവിയുമായ ഡോ ആതുരദാസ്, ട്രഷറര്‍ ബിനുമോന്‍, ജോയിന്റ് സെക്രട്ടറി ഓലയില്‍ സാബു, ജൂനിയര്‍ സൂപ്രണ്ടുമാരായ കെ പി ഗിരിനാഥ്, അജിത് ജോയ്, ട്രാക്ക് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ എം വി ഐ ബിനു ജോര്‍ജ്, രഞ്ജിത്, അനില്‍കുമാര്‍, ലൈഫ് മെമ്പര്‍മാരായ സന്തോഷ് കുമാര്‍, ജലീല്‍, വോളന്റിയേഴ്സായ മുഹമ്മദ് അമീന്‍, ജയന്‍ പ്രഭ, സിബു രാജ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.