ഇടുക്കി:  അടിമാലി മച്ചിപ്ലാവിലെ ലൈഫ് ഫ്ളാറ്റ് സമുച്ചയത്തിന്റെ ഭാഗമായി പൂര്‍ത്തീകരിച്ച കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനവും പാര്‍പ്പിട സമുച്ചയത്തിലെ പുതിയ ഗുണഭോക്താക്കള്‍ക്കുള്ള താക്കോല്‍ ദാനവും നാളെ (ജനുവരി 13 )നടത്തും. പാര്‍പ്പിട സമുച്ചയത്തില്‍ ശുദ്ധജലമെത്തിക്കാന്‍ ലക്ഷ്യമിട്ടാണ് പാര്‍പ്പിട സമുച്ചയത്തിന്റെ ഭാഗമായി പുതിയ കുടിവെള്ള പദ്ധതി പൂര്‍ത്തീകരിച്ചത്.

എസ് രാജേന്ദ്രന്‍ എംഎല്‍എ അനുവദിച്ച 13 ലക്ഷം രൂപയാണ് പദ്ധതി പൂര്‍ത്തീകരിക്കുന്നതിന് വിനിയോഗിച്ചത്. പദ്ധതിയുടെ ഭാഗമായി താഴ്ത്തിയ കിണറില്‍ നിന്നും വെള്ളം പാര്‍പ്പിട സമുച്ചയത്തില്‍ എത്തിക്കും. എസ് രാജേന്ദ്രന്‍ എംഎല്‍എ നാളെ ഉച്ചകഴിഞ്ഞ് 3ന് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി മാത്യു പറഞ്ഞു.

പാര്‍പ്പിട സമുച്ചയത്തിലെ പുതിയ ഗുണഭോക്താക്കള്‍ക്കുള്ള താക്കോല്‍ദാനവും ഇതോടൊപ്പം നടത്തും. നിലവില്‍ 140 ഓളം കുടുംബങ്ങള്‍ പാര്‍പ്പിട സമുച്ചയത്തില്‍ ഉണ്ട്. 25 ഓളം കുടുംബങ്ങള്‍ക്ക് ചടങ്ങില്‍ താക്കോലുകള്‍ വിതരണം ചെയ്യുമെന്നും ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ എന്‍ സഹജന്‍ അറിയിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി മാത്യു അധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ മുഖ്യാതിഥിയാകും.