ഗുണമേന്മ ഉറപ്പുവരുത്താന്‍ മികച്ച ലാബുകളും അത്യാധുനിക യന്ത്രങ്ങളും
തിരുവനന്തപുരം: ശുദ്ധമായ കുപ്പിവെള്ളം കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുക ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച കുപ്പിവെള്ള ബ്രാന്‍ഡ് ‘ഹില്ലി അക്വാ യുടെ  പ്ലാന്റ്  അരുവിക്കരയിൽ പൂർത്തിയായി. 16 കോടി മുതല്‍മുടക്കിൽ  സജ്ജീകരിച്ച പ്ലാന്റിന്റെ  ഉദ്ഘാടനം ജനുവരി 16ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
മനുഷ്യ സ്പര്‍ശം ഏല്‍ക്കാതെ, പൂര്‍ണമായും യന്ത്ര സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന അത്യാധുനിക കുടിവെള്ള പ്ലാന്റാണ്  അരുവിക്കരയില്‍ സജ്ജമാക്കിയിരിക്കുന്നത്. ബി.ഐ.എസ്, എഫ്.എസ്.എസ്.എ.ഐ എന്നീ ഗുണനിലവാര അംഗീകാരങ്ങളോടു കൂടിയ  കുപ്പിവെള്ളമാണ് ‘ഹില്ലി അക്വാ’.
ജലവിഭവ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷനാണ് (കെ.ഐ.ഐ.ഡി.സി) അരുവിക്കര ഡാമിന് സമീപം വാട്ടര്‍ അതോറിറ്റിയുടെ സ്ഥലത്ത് പ്ലാന്റ് നിര്‍മിച്ചിരിക്കുന്നത്. പ്ലാന്റ് പരിപാലിക്കുന്നതിനുള്ള ചുമതലയും ഇവര്‍ക്കുതന്നെ.
മൂന്ന് പ്രൊഡക്ഷന്‍ ലൈനുകളാണ് പ്ലാന്റിലുള്ളത്. ഒന്നില്‍ 20 ലിറ്ററിന്റെ കുപ്പിവെള്ളവും മറ്റു രണ്ടെണ്ണത്തില്‍ അര ലിറ്റര്‍ മുതല്‍ രണ്ട് ലിറ്റര്‍ വരെയുള്ള കുപ്പിവെള്ളവുമാണ് ഉത്പാദിപ്പിക്കുക. 20 ലിറ്ററിന്റെ 2,720 ജാര്‍ കുടിവെള്ളം പ്രതിദിനം ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള അത്യാധുനിക യന്ത്ര സംവിധാനവും ഇവിടെ സജ്ജമാണ്.
ഗുണമേന്മ ഉറപ്പു വരുത്താനായി ഏറ്റവും മികച്ച ലാബുകളും അത്യാധുനിക യന്ത്രങ്ങളും ഇവിടെയുണ്ട്. വാട്ടര്‍ അതോറിറ്റിയില്‍ നിന്നുള്ള വെള്ളം സാന്‍ഡ് ഫില്‍റ്ററേഷന്‍, കാര്‍ബണ്‍ ഫില്‍റ്ററേഷന്‍, മൈക്രോണ്‍ ഫില്‍റ്ററേഷന്‍, അള്‍ട്രാ ഫില്‍റ്ററേഷന്‍, ഓക്സിജന്‍ അളവ് ക്രമീകരിക്കുന്നതിനുള്ള ഓസോണൈസേഷന്‍ എന്നിങ്ങനെ വിവിധ ഘട്ടങ്ങളിലൂടെ ശുദ്ധീകരിച്ച ശേഷമാണ് പാക്ക് ചെയ്തു വിപണിയില്‍ എത്തിക്കുന്നത്.
ഹില്ലി അക്വായുടെ വിതരണവും മാര്‍ക്കറ്റിംഗും നടത്തുന്നതിനുള്ള ചുമതല കുടുംബശ്രീയ്ക്കാണ്. ആറ് യുവതീയുവാക്കളടങ്ങുന്ന ‘സാന്ത്വനം’ എന്ന യുവശ്രീ ഗ്രൂപ്പാകും ഇത് നിര്‍വഹിക്കുക. ആവശ്യക്കാര്‍ക്കായി കുടിവെള്ളം ഇവര്‍ നേരിട്ട് എത്തിച്ചു നല്‍കുകയും ചെയ്യും.