കൊച്ചി: പരമ്പരാഗത തൊഴില്‍ രംഗം വലിയ മാറ്റങ്ങള്‍ക്കു വിധേയമാകുമ്പോള്‍ തൊഴില്‍ നൈപുണ്യം അനിവാര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൊഴിലും നൈപുണ്യവും വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വ്യവസായ പരിശീലന വകുപ്പും കേരള അക്കാഡമി ഫോര്‍ സ്‌കില്‍സ് എക്‌സ്‌ലന്‍സും ചേര്‍ന്നു സംഘടിപ്പിക്കുന്ന ഇന്ത്യ സ്‌കില്‍സ് 2018 ന്റെ സംസ്ഥാനതല ഉദ്ഘാടനം കൊച്ചി മറൈന്‍ഡ്രൈവില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നമ്മുടെ യുവാക്കളുടെ തൊഴില്‍ നൈപുണ്യവും വൈദഗ്ധ്യവും ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുകയാണ് പരിപാടിയിലൂടെ. തൊഴില്‍ നൈപുണ്യം നേടിയെടുക്കുന്നതിനും നവീന ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിനുള്ള വഴികള്‍ കണ്ടെത്തുന്നതിനും യുവാക്കളെ പ്രാപ്തരാക്കാന്‍ ലക്ഷ്യമിട്ടാണ് നൈപുണ്യ മത്സരം സംഘടിപ്പിക്കുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിലും വിദ്യാഭ്യാസത്തോടൊപ്പം തൊഴിലും ചെയ്യുകയും വരുമാനമുണ്ടാക്കുകയും ചെയ്യുന്നു. എന്നാല്‍ നമ്മുടെ നാട്ടില്‍ ചില പ്രത്യേക തൊഴിലിനോട് മാത്രം ആഭിമുഖ്യം പ്രകടിപ്പിക്കുന്ന സ്ഥിതിയുണ്ട്. തൊഴില്‍ മേഖല അതിവേഗ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. 2022 ഓടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കാവശ്യമായ 24 പ്രധാന തൊഴില്‍ മേഖലകളില്‍ 11 കോടി വിദഗ്ധ തൊഴിലാളികളെ ആവശ്യമായി വരുമെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഈ അവസരം പ്രയോജനപ്പെടുത്താന്‍ കഴിയണം. അതിന് പാഠപുസ്തക പഠനം മാത്രമല്ല തൊഴില്‍ വൈദഗ്ധ്യം കൂടി ആര്‍ജിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മൂന്നു ദിവസമായി നടക്കുന്ന ഇന്ത്യ സ്‌കില്‍സ് 2018 ല്‍ 20 ട്രേഡുകളിലായി വിവിധ ജില്ല, സോണല്‍ മത്സരങ്ങളില്‍ വിജയികളായ 112 മത്സരാര്‍ഥികള്‍ മാറ്റുരയ്ക്കും. ഇവരില്‍ നിന്നു വിജയിക്കുന്നവരെ ദേശീയ തല മത്സരത്തിലും തുടര്‍ന്ന് അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന അന്താരാഷ്ട്ര തൊഴില്‍ മേളയിലും മത്സരിപ്പിക്കും. യുവാക്കളുടെ തൊഴില്‍ നൈപുണ്യ ശേഷി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ സ്‌കില്‍സ് 2018 നൈപുണ്യ മത്സരം സംഘടിപ്പിക്കുന്നത്. വിവിധ ട്രേഡുകളില്‍ മത്സരിക്കുന്ന മത്സരാര്‍ഥികള്‍ പങ്കെടുത്ത പരേഡും മുഖ്യമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു.
തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഹൈബി ഈഡന്‍ എംഎല്‍എ, അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ്, കേരള അക്കാഡമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ് എംഡി ശ്രീംറാം വെങ്കിട്ടരാമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.