Kerala’s Top 50 Policies and Projects-21

വ്യവസായം എന്ന നിലയിലും തൊഴിൽദായക മേഖല എന്ന നിലയിലും തോട്ടങ്ങളിലെ പ്രതിസന്ധിക്ക് പരിഹാരം കാണാനായി സംസ്ഥാന സർക്കാർ ഒട്ടേറെ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ തുടർച്ചയായി സമഗ്രമായ പ്‌ളാന്റേഷൻ നയം ഉടൻ നിലവിൽ വരും. തോട്ടം പ്രതിസന്ധിയെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് എൻ. കൃഷ്ണൻ നായർ കമ്മീഷൻ റിപ്പോർട്ടിന്റേയും ഇതുസംബന്ധിച്ച് ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതതല സമിതിയുടെ ശുപാർശകളുടെയും അടിസ്ഥാനത്തിലാണ് സർക്കാർ നടപടി സ്വീകരിച്ചത്.

പ്ലാന്റേഷൻ ടാക്‌സ് പൂർണ്ണമായും ഒഴിവാക്കുകയും തോട്ടം മേഖലയിൽ നിന്ന് കാർഷികാദായ നികുതി ഈടാക്കുന്നത് മരവിപ്പിക്കുകയും ചെയ്തു. റബർ മരം മുറിച്ചു മാറ്റുമ്പോൾ 2500 രൂപ വീതം സീനിയറേജായി ഈടാക്കിയിരുന്നത് ഒഴിവാക്കി. തോട്ടം തൊഴിലാളി ലയങ്ങളെ കെട്ടിട നികുതിയിൽ നിന്ന് ഒഴിവാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി.

ലൈഫ് ഭവനപദ്ധതിയുടെ മാർഗരേഖകൾക്ക് വിധേയമായി, തൊഴിലാളികൾക്ക് ആവശ്യമായ വാസഗൃഹങ്ങൾ നിർമ്മിക്കാൻ തീരുമാനിച്ചു. ഭവനം ഫൗണ്ടേഷന്റെ സഹകരണത്തോടെ തൊഴിൽ വകുപ്പ് ഇതിനായി തൊഴിലാളികൾക്കിടയിൽ സർവേ നടത്തി. ലൈഫ് മിഷനിൽ ഉൾപ്പെടുത്തി എല്ലാ തൊഴിലാളികൾക്കും വീട് നൽകാനും തീരുമാനമായിട്ടുണ്ട്. ഇടുക്കി ജില്ലയിൽ കുറ്റിയാർവാലിയിൽ ‘ഓൺ യുവർ ഓൺ ഹൗസ് ”ഭവനപദ്ധതി ആരംഭിച്ചു. ദേവികുളം, പീരുമേട്, വയനാട്, പുനലൂർ എന്നിവിടങ്ങളിലും തൊഴിലാളികൾക്ക് വീടു വച്ചു നൽകാനുള്ള നടപടി പുരോഗമിക്കുന്നു.

തോട്ടം തൊഴിലാളികളുടെ വേതനത്തിൽ 2019 ജനുവരി മുതൽ മുൻകാലപ്രാബല്യത്തോടെ പ്രതിദിനം 52 രൂപ വീതം വർധനവ് വരുത്തി. പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികൾ അപകടത്തിനിരയായാൽ ഒരു ലക്ഷം രൂപ വരെ സാമ്പത്തിക സഹായം നൽകും. ഭാഗിക അംഗവൈകല്യം ഉണ്ടായാൽ കുറഞ്ഞത് അമ്പതിനായിരം രൂപയും നൽകും. മരണപ്പെടുന്ന തൊഴിലാളികളുടെ ആശ്രിതർക്കുള്ള ധന സഹായം പതിനായിരം രൂപയിൽ നിന്ന് ഒരു ലക്ഷമായി വർധിപ്പിച്ചിട്ടുണ്ട്.

റവന്യൂ, വനം, തൊഴിൽ, വ്യവസായം, തദ്ദേശസ്വയംഭരണം, ധനകാര്യം, നികുതി, വൈദ്യുതി, കാർഷികം എന്നീ വകുപ്പുകളുമായുളള നിരന്തരമായ ആശയവിനിമയത്തിലൂടെ തോട്ടം മേഖലയുടെ ദൈനംദിന പ്രവർത്തനവും ഭാവിപരിപാടികളും ഏകോപിപ്പിക്കുന്നതിന് പ്ലാന്റേഷൻ ഡയറക്ടറേറ്റ് സർക്കാരിന്റെ സജീവ പരിഗണനയിലാണ്. ഇത്തരത്തിൽ തോട്ടം മേഖലയിൽ ചെറുതും വലുതുമായ നിരവധി പദ്ധതികൾ ഏകോപിപ്പിച്ചുകൊണ്ട് പ്രശ്‌നങ്ങൾക്ക് സർക്കാർ സമഗ്ര പരിഹാരം കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്.

#keralas_top50_projectsandpolicies
#KeralaLeads