എറണാകുളം:  സംസ്ഥാനത്ത് താമസിച്ച് ജോലി ചെയ്തുവരുന്ന അതിഥി തൊഴിലാളികള്‍ക്ക് വൃത്തിയുള്ളതും സുരക്ഷിതവുമായ താമസ സൗകര്യം ഉറപ്പാക്കുന്ന ആലയ് പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് (13.01.2021)തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
നിയമസഭയില്‍ മന്ത്രിയുടെ ചേംബറില്‍ രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങില്‍ അഡീഷണല്‍ ചീഫ് സെക്രട്ടി സത്യജീത്ത് രാജന്‍, ലേബര്‍ കമ്മീഷണര്‍ പ്രണബ്‌ജ്യോതി നാഥ്, അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ കെ.ശ്രീലാല്‍ എന്നിവര്‍ പങ്കെടുക്കും.

സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തുന്ന പദ്ധതി പൂര്‍ണ്ണമായും ഓണ്‍ലൈനായിരിക്കും.സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടമെന്ന നിലയില്‍ കോട്ടയം ജില്ലയിലെ പായിപ്പാട്, എറണാകുളം ജില്ലയിലെ ബംഗാള്‍ കോളനി, പാലക്കാട് ജില്ലയിലെ പട്ടാമ്പി എന്നിവിടങ്ങളിലാണ് ഇത് നടപ്പാക്കുന്നത്.
AALAY (ആലയ്) എന്ന പേരില്‍ ‘ഗസ്റ്റ് വര്‍ക്കേഴ്‌സ് ഫ്രണ്ട്‌ലി റസിഡന്‍സ് ഇന്‍ കേരള’ എന്നതാണ് പദ്ധതി.
6.5 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലുള്ള ഫ്‌ളോര്‍ ഏരിയയും അടുക്കളയും പൊതു വരാന്തയും പൊതു ടോയ്‌ലെറ്റുമുള്‍പ്പെടെ മെച്ചപ്പെട്ട സൗകര്യമുള്ള വാടക കെട്ടിടം ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശ്യം.

ലേബര്‍ കമ്മീഷണറേറ്റിന്റെ സോഫ്റ്റ് വെയര്‍ പോര്‍ട്ടല്‍ മുഖേന കെട്ടിട ഉടമകള്‍ക്ക് അവരുടെ കെട്ടിട വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്താന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്.
അതിഥി തൊഴിലാളികള്‍ക്ക് പോര്‍ട്ടലില്‍ പ്രവേശിച്ച് തങ്ങള്‍ക്ക് അനുയോജ്യമായ കെട്ടിടങ്ങള്‍ തെരഞ്ഞെടുക്കാം.പദ്ധതി നടത്തിപ്പിനായും മോണിറ്ററിംഗിനുമായും RDO/Sub Collector ചെയര്‍മാനായും, ജില്ലാ ലേബര്‍ ഓഫീസര്‍,ജില്ലാ പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ അംഗങ്ങളുമായി ത്രിതല കമ്മിറ്റി സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്.പോര്‍ട്ടല്‍ മുഖാന്തിരം നിലവില്‍ എറണാകുളം, കോട്ടയം, പാലക്കാട് ജില്ലകളിലായി 370 ഓളം കെട്ടിടങ്ങള്‍ എൻറോൾ ചെയ്തിട്ടുണ്ട്.