ജില്ലയിലെ വികസന പ്രവർത്തനങ്ങൾക്കായി കോടിക്കണക്കിന് രൂപയുടെ ഫണ്ട് സർക്കാർ ചെലവഴിക്കുന്നതിന്റെ പ്രയോജനം ജനങ്ങൾക്ക് ലഭിക്കണമെന്ന് തുറമുഖ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ജില്ലാ വികസന സമിതി യോഗത്തിൽ പറഞ്ഞു. പദ്ധതി പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കണം. ഇതിൽ വേഗതയും കാര്യക്ഷമതയും ഉറപ്പുവരുത്തണം. കണ്ണൂർ മണ്ഡലത്തിലെ തോട്ടട-കിഴുന്നപ്പാറ റോഡ് പ്രവൃത്തി ഉദ്ഘാടനം കഴിഞ്ഞ് എട്ടുമാസമായിട്ടും പണി നടക്കാത്തതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയായിരുന്നു മന്ത്രിയുടെ പ്രതികരണം. തയ്യിൽ കടലാക്രമണം നടക്കുന്ന സ്ഥലത്ത് കടൽഭിത്തി പുതുക്കി പണിയുന്നതിന് സർക്കാറിലേക്ക് നിർദേശം സമർപ്പിച്ചതായി ജലസേചന വകുപ്പ് എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
കുടിവെള്ളക്ഷാമമുള്ള സ്ഥലങ്ങളിൽ കിയോസ്‌കിൽ വെള്ളം നിറക്കാനുള്ള ഉത്തരവാദിത്തം നിലവിൽ തദ്ദേശ സ്ഥാപനങ്ങൾക്കാണെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച എ.ഡി.എം ഇ. മുഹമ്മദ് യൂസഫ് അറിയിച്ചു. ജില്ലാ ഭരണകൂടത്തിന്റെ കുടിവെള്ള വിതരണത്തിന് നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണ്. രാമന്തളി ഗ്രാമപഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തിന് പഞ്ചായത്തിൽത്തന്നെ കുടിവെള്ള വിതരണ കിണർ ഉപയോഗിച്ച് ജല അതോറിറ്റി പരിഹാരം കാണണമെന്ന് സി. കൃഷ്ണൻ എം.എൽ.എ നിർദേശം നൽകി.
പി.എം.ജി.എസ്.വൈ റോഡ് പ്രവൃത്തി റോഡ് പ്രവൃത്തികൾ പൂർത്തിയാക്കാത്തതു സംബന്ധിച്ച് എൻജിനീയർമാരുടെയും കരാറുകാരുടെയും അടിയന്തര യോഗം വിളിക്കാൻ ജില്ലാ വികസന സമിതി നിർദേശിച്ചു. രാജീവ് ഗാന്ധി കുടിവെള്ള പദ്ധതിയിൽ നാലര കോടിയോളം രൂപ ചെലവഴിക്കാതെ കിടക്കുന്നതിനാൽ പുതിയ പദ്ധതികൾക്ക് എത്രയും പെട്ടന്ന് എസ്റ്റിമേറ്റ് തയാറാക്കി പ്രവൃത്തി തുടങ്ങാനും നിർദേശിച്ചു. പി.കെ. ശ്രീമതി ടീച്ചർ എം.പിയാണ് ഈ വിഷയം ഉന്നയിച്ചത്. അംബേദ്കർ ഗ്രാമം പദ്ധതി നടപ്പിലാക്കുന്ന പള്ളിപ്രം കോളനിയിൽ നിലവിൽ ആസൂത്രണം ചെയ്ത പദ്ധതി റോഡ്, വീടുകൾ തുടങ്ങി അടിസ്ഥാന സൗകര്യങ്ങൾക്ക് പ്രാമുഖ്യം നൽകുന്ന രീതിയിൽ മാറ്റാൻ ജില്ലാ പട്ടികജാതി വികസന ഓഫീസർക്ക് യോഗം നിർദേശം നൽകി. നിലവിൽ മൂന്ന് നിലയിൽ ഓഡിറ്റോറിയം നിർമിക്കാനായിരുന്നു പദ്ധതി.
പഴശ്ശി ജലാശയത്തിൽ ഫിഷറീസ് വകുപ്പ് മത്സ്യകൃഷി നടത്തുന്നതിനായി സ്ഥലത്തിന്റെ സർവേ പൂർത്തിയാക്കിയതായും സ്‌കെച്ച് ജലസേചന വകുപ്പിന് ഉടൻ സമർപ്പിക്കുമെന്നും ഇരിട്ടി തഹസിൽദാർ അറിയിച്ചു. മത്സ്യങ്ങളെ നിക്ഷേപിക്കാനായി ബണ്ട് അറ്റകുറ്റപണിക്ക് അടിയന്തിരമായി അനുമതി ലഭ്യമാക്കാൻ യോഗം ജലസേചന വകുപ്പിന് നിർദേശം നൽകി.
ഏഴോം ഗ്രാമപഞ്ചായത്തിൽ ഡി.ടി.പി.സി നടപ്പിലാക്കുന്ന ടൂറിസം പദ്ധതിക്കായി തീരദേശ പരിപാലന അതോറിറ്റിയുടെ മുൻകൂർ അനുമതി നേടാത്ത സാഹചര്യത്തിൽ, പ്രസ്തുത അനുമതിക്ക് ആവശ്യമായ കാര്യങ്ങൾ ചെയ്യേണ്ടത് ഡി.ടി.പി.സിയാണെന്ന് യോഗം വ്യക്തമാക്കി. തീരദേശ പരിപാലന അതോറിറ്റിയുടെ അനുമതി ഇല്ലാത്തതിനാൽ നിർമ്മാണ പ്രവൃത്തി പഞ്ചായത്ത് നിർത്തിവെച്ചിരിക്കുകയാണ്.
തലശ്ശേരി-വളവുപാറ റോഡ് നിർമ്മാണം ഉൾപ്പെടെ കെ.എസ്.ടി.പിയുടെ ജില്ലയിലെ റോഡ് പ്രവൃത്തികൾ പരിതാപകരമായ അവസ്ഥയിൽ ഒച്ചിഴയുന്ന പോലെയാണ് നീങ്ങുന്നതെന്ന് കൂത്തുപറമ്പ് നഗരസഭാ ചെയർമാൻ എം. സുകുമാരൻ പറഞ്ഞു. മട്ടന്നൂർ നഗരസഭയിലെ പൊട്ടിപ്പൊളിഞ്ഞ സ്ലാബുകൾ മാറ്റുന്നതിന് കെ.എസ്.ടി.പി അടിയന്തര നടപടി സ്വീകരിക്കണമെന്ന് ചെയർപേഴ്‌സൻ കെ. ശോഭന ആവശ്യപ്പെട്ടു. ജില്ലാ പ്ലാനിംഗ് ഓഫീസർ കെ. പ്രകാശൻ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
വാഹനാപകടത്തിൽ മരിച്ച കാങ്കോൽ-ആലപ്പടമ്പ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി.പി ഹരിദാസിന്റെ വിയോഗത്തിൽ വികസന സമിതി യോഗം അനുശോചനം രേഖപ്പെടുത്തി.
ജില്ലാ വികസന സമിതി: വികസന പ്രവർത്തനങ്ങൾക്ക് വേഗതയും കാര്യക്ഷമതയും വേണം- മന്ത്രി
Home /ജില്ലാ വാർത്തകൾ/കണ്ണൂർ/ജില്ലാ വികസന സമിതി: വികസന പ്രവർത്തനങ്ങൾക്ക് വേഗതയും കാര്യക്ഷമതയും വേണം- മന്ത്രി