* കേരള കേന്ദ്ര സര്‍വകലാശാല പുതിയ കാമ്പസ് ഉപരാഷ്ട്രപതി 
രാഷ്ട്രത്തിന് സമര്‍പ്പിച്ചു*
കാസര്‍കോട് പെരിയയിലുള്ള കേരള കേന്ദ്ര സര്‍വകലാശാല കാമ്പസില്‍ ഭാവിയില്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തിനുള്ള സൗകര്യംകൂടി ഏര്‍പ്പെടുത്തണമെന്ന് ഉപരാഷ്ട്രപതി എം.വെങ്കയ്യനായിഡു പറഞ്ഞു. ഇക്കാര്യം കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ഉപരാഷ്ട്രപതി പറഞ്ഞു. കേരളത്തില്‍ നിന്നും അയല്‍സംസ്ഥാനമായ മണിപ്പാല്‍, ഉഡുപ്പി തുടങ്ങിയ സ്ഥലങ്ങളിലേക്ക് മെഡിക്കല്‍ വിദ്യാഭ്യാസത്തിനായി പോകുന്ന സാഹചര്യവും അദ്ദേഹം എടുത്തുപറഞ്ഞു. പെരിയ കേന്ദ്ര സര്‍വകലാശാലയുടെ പുതിയ കാമ്പസ് രാഷ്ട്രത്തിനു സമര്‍പ്പിച്ചുകൊണ്ട് സദസ്സിനെ അഭിസംബോധന ചെയ്യുകയായിരുന്നു ഉപരാഷ്ട്രപതി.
പുരാതനകാലത്തുതന്നെ ലോകമെമ്പാടുനിന്നുമുള്ളവര്‍ ഉന്നതവിദ്യാഭ്യാസത്തിനായി നാളന്ദ, തക്ഷശില പോലുള്ള സര്‍വകലാശാലകളില്‍ എത്തിയിരുന്നു. പിന്നീട് ബ്രീട്ടീഷ് അധിനിവേശത്തോടെ അത് ശിഥിലമായി. ഇന്ന് വിദ്യാഭ്യാസരംഗത്ത് പുതിയ വാതായനങ്ങള്‍ തുറന്നിട്ടിരിക്കുകയാണ്. വിദ്യാഭ്യാസം അറിവ് നേടുന്നതിനു മാത്രമുള്ളതല്ല, ശാക്തീകരണത്തിനുള്ളതാണ്. ഗൂഗിളിലൂടെ നേടുന്ന അറിവിന് പകരമാവില്ല ഗുരുവെന്നും ഉപരാഷ്ട്രപതി വിദ്യാര്‍ഥികളെ ഓര്‍മിപ്പിച്ചു.
മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍കലാമിനെയും പ്രധാനമന്ത്രി നരേന്ദ്രമോഡിയെയും പോലെ ഏതു സാധാരണക്കാരനും ഉന്നതസ്ഥാനങ്ങളിലെത്താവുന്നതാണ്. സുന്ദര്‍ പിച്ചെ, ഇന്ദ്ര നൂയി, തുടങ്ങി വന്‍കിട ബഹുരാഷ്ട്ര കമ്പനികളിലെല്ലാം തന്നെ തലപ്പത്ത് ഇന്ത്യക്കാരാണ്. വിദേശത്തെ ഉന്നത സ്ഥാപനങ്ങളിലുള്ള രണ്ടിലൊരാള്‍ ഇന്ത്യക്കാരാണ്. അതില്‍ത്തന്നെ രണ്ടിലൊരാള്‍ ദക്ഷിണേന്ത്യയില്‍ നിന്നുള്ളവരാണ്. – ഉപരാഷ്ട്രപതി പറഞ്ഞു. കുട്ടികളുടെ മികച്ച ഭാവിക്കായി പ്രകൃതിയും സംസ്‌കൃതിയും ഒന്നിച്ചുചേരേണ്ടതുണ്ട്.
ലോകമെമ്പാടുമായി 800 സര്‍വകലാശാലകള്‍ ഉണ്ടായിട്ടും ഇന്ത്യയില്‍ നിന്നും ഒരെണ്ണംപോലും ആഗോളതലത്തില്‍ ഒന്നാമതെത്തിയിട്ടില്ല. ഇതിന്റെ കാരണത്തെക്കുറിച്ച് അക്കാദമിക സമൂഹം ഗൗരവമായി ചിന്തിക്കേണ്ടതാണ്. അതിനായി കഠിനാധ്വാനം ചെയ്യേണ്ടതുണ്ടെന്നും ഉപരാഷ്ട്രപതി പറഞ്ഞു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് ഉതകും വിധം ഇന്ത്യന്‍ വിദ്യാഭ്യാസം ഉടച്ചുവാര്‍ക്കേണ്ടതുണ്ടെന്നും ഉപരാഷ്ട്രപതി പറഞ്ഞു. ഉന്നത വിദ്യഭ്യാസ രംഗത്ത് ഏറ്റവും വലിയ മൂന്നാമത്തെ രാജ്യമാണെങ്കിലും ഇന്ത്യയുടെ എന്റോള്‍മെന്റ് നിരക്ക് 25ശതമാനമാണ്. ഇന്ത്യന്‍ ജനസംഖ്യയുടെ 65 ശതമാനം പേര്‍ 35 വയസ്സിനു താഴെയാണ്. കൂടുതല്‍ പേര്‍ ഇനിയും വിദ്യാഭ്യാസം നേടേണ്ടതുണ്ട്.
മഹത്തായ സാംസ്‌കാരിക, പൈതൃക പാരമ്പര്യത്തിന്റെ അവകാശികളാണ് നിങ്ങളെന്നും അദ്ദേഹം വിദ്യാര്‍ഥികളെ ഓര്‍മിപ്പിച്ചു.
ജോലി തേടി വിദേശ രാജ്യങ്ങളില്‍ പോയാലും തിരികെയെത്തി ജന്മനാട്ടിനുവേണ്ടി പ്രയത്‌നിക്കണം. നമ്മുടെ സമൂഹത്തിന് നന്മയാകുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണം. ഏത് ഭാഷ പഠിച്ചാലും മാതൃഭാഷ മറക്കരുതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഭാവിയില്‍ കേരളത്തിലെ ഉന്നതവിഭ്യാഭ്യാസം മലയാളത്തിലാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ സംസാരിച്ച തുറുമുഖ വകുപ്പുമന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ താന്‍ എംപിയായിരുന്ന കാലം മുതലുള്ള കാസര്‍കോടിന്റെ വളര്‍ച്ചയുടെ ഘട്ടങ്ങള്‍ വിശദീകരിച്ചു. പി.കരുണാകരന്‍ എംപി, യുജിസി അംഗം ഡോ.ജി.ഗോപാല്‍ റെഡ്ഡി, രജിസ്ട്രാര്‍ ഡോ.എ.രാധാകൃഷ്ണന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു. വൈസ് ചാന്‍സലര്‍ ഡോ.ജി.ഗോപകുമാര്‍ സ്വാഗതവും സര്‍വകലാശാല എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ. കെ.ജയപ്രസാദ് നന്ദിയും പറഞ്ഞു.
എംഎല്‍എമാരായ കെ.കുഞ്ഞിരാമന്‍, എന്‍.എ.നെല്ലിക്കുന്ന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍, മുന്‍മന്ത്രി ചെര്‍ക്കളം അബ്ദുള്ള ഉള്‍പ്പെടെയുള്ള വിപുലമായ സദസ്സ് ചടങ്ങിന് സാക്ഷ്യംവഹിക്കാനെത്തിയിരുന്നു.