കൊല്ലംp: സർക്കാർ മെഡിക്കൽ കോളേജിന്റെ വികസനത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ ത്വരിതപ്പെടുത്താനും ഒപ്പം സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി സ്ഥാപിക്കുന്നതിനാവശ്യമായ പ്രൊപ്പോസൽ സമർപ്പിക്കാനും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. മെഡിക്കൽ കോളേജിൽ നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും 8 കോടി രൂപ ചെലവഴിച്ചുള്ള കാത്ത് ലാബിന്റെ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കാനും മന്ത്രി നിർദേശം നൽകി. മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്തിൽ നടന്ന ഉന്നതതല അവലോകന യോഗത്തിലാണ് മന്ത്രി നിർദേശം നൽകിയത്.
കൊല്ലം മെഡിക്കൽ കോളേജിൽ മികച്ച ട്രോമകെയർ സംവിധാനമാണ് ലക്ഷ്യം വയ്ക്കുന്നത്. ഇതിനായി 5 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ദേശീയ പാതയോട് ചേർന്നുള്ള മെഡിക്കൽ കോളേജായതിനാൽ ധാരാളം അപകടങ്ങൾക്ക് ചികിത്സ തേടിയെത്താറുണ്ട്. ഇവർക്കും തദ്ദേശവാസികൾക്കും അടിയന്തര വിദഗ്ധ പരിചരണം ഉറപ്പാക്കുന്നതിനാണ് ട്രോമകെയർ സംവിധാനം ഏർപ്പെടുത്തുന്നത്. ലെവൽ ടു നിലവാരത്തിലുള്ള ട്രോമകെയറിൽ എമർജൻസി മെഡിസിൻ വിഭാഗവും മികച്ച ട്രയേജ് സംവിധാനവുമുണ്ടാകും. പേ വാർഡ്, എം.ആർ.ഐ. സ്‌കാനിംഗ് സംവിധാനം എന്നിവയും സജ്ജമാക്കും.
മികച്ച കോവിഡ്-19 ചികിത്സ നൽകിയ മെഡിക്കൽ കോളേജിലെ ജീവനക്കാരെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. അഭിമാനകരമായ പ്രവർത്തനങ്ങളാണ് മെഡിക്കൽ കോളേജ് നടത്തിയത്. 100 വയസിന് മുകളിൽ പ്രായമുള്ള ആളുകളെ പോലും രക്ഷിച്ചെടുക്കാൻ മെഡിക്കൽ കോളേജിന് കഴിഞ്ഞു. കൊല്ലം മെഡിക്കൽ കോളേജിനെ വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഘട്ടം ഘട്ടമായുള്ള നിരവധി വികസന പ്രവർത്തനങ്ങളാണ് നടക്കുന്നത്. ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ ഒരു മെഡിക്കൽ കോളേജായി മാറാനുള്ള സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല. ഒരു ഇ.എസ്.ഐ ഡിസ്‌പെൻസറി മാത്രമാണ് പ്രവർത്തിച്ചിരുന്നത്. 100 എം.ബി.ബി.എസ്. വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്നതിനാവശ്യമായ സൗകര്യങ്ങളൊരുക്കി. 300 കിടക്കകളുള്ള ആശുപത്രി ആരംഭിക്കുകയും 600 ലേറെ തസ്തികകൾ സൃഷ്ടിക്കുകയും ചെയ്തുകൊണ്ടാണ് മെഡിക്കൽ കോളേജിന്റെ മുന്നേറ്റത്തിന് ഈ സർക്കാർ വഴിയൊരുക്കിയത്.
അത്യാധുനിക സൗകര്യങ്ങളുള്ള അത്യാഹിത വിഭാഗം, ഓപ്പറേഷൻ തീയറ്ററുകൾ, ലേബർ റൂം, കാരുണ്യ ഫാർമസി, 24 മണിക്കൂറും പ്രവർത്തിക്കുന്ന ബ്ലഡ് ബാങ്ക് എന്നിവയെല്ലാം ഈ സർക്കാർ വന്നതിന് ശേഷമാണ് ഒരുക്കിയത്. 10 കിടക്കകളുള്ള ഡയാലിസ് യൂണിറ്റ് പ്രവർത്തനസജ്ജമായി. മെഡിക്കൽ കോളേജിനെ കോവിഡ് ആശുപത്രിയാക്കി പൂർണ സജ്ജമാക്കാൻ 300ൽ നിന്ന് 500 ലേക്ക് കിടക്കകൾ ഉയർത്തി.
കൊല്ലം ജില്ലാ കളക്ടർ ബി. അബ്ദുൾ നാസർ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എൻ. റോയ്, ആശുപത്രി സൂപ്രണ്ട് ഡോ. ഹബീബ് നസീം, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ഹരികുമാർ, എൻ.എച്ച്.എം. ചീഫ് എഞ്ചിനീയർ അനില, പി.ഡബ്ല്യു.ഡി. ചീഫ് എഞ്ചിനീയർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.