എറണാകുളം: വിവിധ വ്യവസായശാലകളുടെയും സ്ഥാപനങ്ങളുടെയും ഹിതപരിശോധന വിജയകരമായി പൂർത്തിയാക്കുന്നതിനായി തൊഴിൽ വകുപ്പ് ജീവനക്കാർ വിശ്രമമില്ലാതെ പ്രവർത്തിച്ചു വരികയാണ്. കെ എസ് ആർ ടി സിയിലെ ഹിതപരിശോധന പൂർത്തിയാക്കിയതിനു പിന്നാലെ ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് എന്ന പൊതുമേഖലാ സ്ഥാപനത്തിൽ ഹിതപരിശോധന നടത്താനുള്ള മുന്നൊരുക്കങ്ങൾ നടത്തുകയാണ് തൊഴിൽ വകുപ്പ്.
പൊതു, സ്വകാര്യ മേഖലകളിലെ വ്യവസായ സ്ഥാപനങ്ങളുടെ മാനേജ്മെൻ്റിനും രജിസ്ട്രേഡ് തൊഴിലാളി സംഘടനകൾക്കും റഫറണ്ടം നടത്തുന്നതിന് നിയമപ്രകാരം അപേക്ഷ നൽകാവുന്നതാണ്.
സ്ഥാപനത്തിൻ്റെ നയപരമായ വിഷയങ്ങളിൽ തീരുമാനമെടുക്കുന്ന നിർണ്ണായക യോഗങ്ങളിൽ പങ്കെടുക്കാനും അഭിപ്രായം രേഖപ്പെടുത്താനുള്ള യോഗ്യതയാണ് ഹിതപരിശോധനയിലൂടെ തൊഴിലാളി സംഘടനകൾക്ക് ലഭിക്കുന്നത്.
വ്യവസായ സ്ഥാപനങ്ങളിൽ ആകെ പോൾ ചെയ്ത വോട്ടിൻ്റെ 15% ലഭിക്കുന്ന സംഘടനകൾക്കാണ് ഈ യോഗ്യത ലഭിക്കുക. ഹിതപരിശോധന നടത്തി മൂന്നു വർഷത്തേക്കാണ് ഈ യോഗ്യത ലഭിക്കുക. തുടർന്ന് മാനേജ്മെൻ്റിനോ യൂണിയനുകൾക്കോ ഹിതപരിശോധന നടത്താൻ ആവശ്യപ്പെടാം. ലേബർ കമ്മീഷണറാണ് രജിസ്ട്രാർ.
കെ എസ് ആർ ടി സി യിൽ നടന്ന ഹിതപരിശോധനയിൽ സംസ്ഥാനത്ത് 300 ലധികം തൊഴിൽ വകുപ്പ് ജീവനക്കാരാണ് പങ്കാളികളായതെന്ന് വരണാധികാരിയും റീജ്യണൽ ജോയിൻ്റ് ലേബർ കമ്മീഷറുമായ ഡി. സുരേഷ് കുമാർ പറഞ്ഞു. ഹിതപരിശോധനയുടെ ആദ്യപടിയായി രണ്ടു തവണ കെ എസ് ആർ ടി സി മാനേജ്‌മെൻ്റിൻ്റെ യും തൊഴിലാളി സംഘടനകളുടെയും യോഗം വിളിച്ചു. ഹിതപരിശോധനയിൽ പങ്കെടുക്കാൻ യോഗ്യത നേടിയ 13 യൂണിയനുകളെ ഉൾപ്പെടുത്തിയായിരുന്നു യോഗം. തുടർന്ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. 35000 ബാലറ്റ് പേപ്പറുകൾ തയാറാക്കി.
കെ എസ് ആർ ടി സി യുടെ 100 യൂണിറ്റുകളിലായാണ് ഹിതപരിശോധന നടന്നത്. ജില്ലാ ലേബർ ഓഫീസർമാരെ അസിസ്റ്റൻ്റ് റിട്ടേണിംഗ് ഓഫീസർമാരായി നിയോഗിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ മാതൃകയിൽ പോളിംഗ്, കൗണ്ടിംഗ് ഉദ്യോഗസ്ഥർക്ക് പരിശീലനം സംഘടിപ്പിച്ചു. കെ എസ് ആർ ടി സി യുടെ ഹിതപരിശോധനയിൽ ആകെ 27471 വോട്ടർമാരാണുണ്ടായിരുന്നത്.
വോട്ടർ പട്ടിക തയാറാക്കുന്നതായിരുന്നു ഹിതപരിശോധനയിലെ ഏറ്റവും ശ്രമകരമായ ജോലി. മാനേജ്മെൻ്റ് നൽകിയ പട്ടിക പ്രസിദ്ധീകരിച്ച് തൊഴിലാളി യൂണിയനുകളുടേയും ജീവനക്കാരുടേയും ആക്ഷേപങ്ങളും പരാതികളും കേട്ട ശേഷമാണ് കുറ്റമറ്റ രീതിയിൽ അന്തിമ വോട്ടർ പട്ടിക തയാറാക്കിയത്.
ഡിസംബർ 30 ന് നടന്ന വോട്ടെടുപ്പിന് ശേഷം കാസർഗോഡ് മുതൽ നെയ്യാറ്റിൻകര വരെയുള്ള വിവിധ ഡിപ്പോകളിൽ നിന്ന് കെ എസ് ആർ ടി സി ബസുകളിൽ കാക്കനാട് റീജ്യണൽ ജോയിൻ്റ് ലേബർ കമ്മീഷണർ ഓഫീസിലേക്ക് ബാലറ്റ് പെട്ടികൾ എത്തിത്തുടങ്ങി. രാത്രി മുഴുവൻ ഇത് തുടർന്നു. 31ന് രാവിലെ 9 നാണ് കാസർഗോഡു നിന്നുള്ള പെട്ടി എത്തിയത്. സ്ട്രോംഗ് റൂമിൽ സൂക്ഷിച്ച പെട്ടികൾ ജനുവരി ഒന്നിന് തുറന്ന് രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിച്ചു. പത്ത് ടേബിളുകളിലായി നടന്ന വോട്ടെണ്ണലിൽ 60 ലധികം ജീവനക്കാർ ജോലി ചെയ്തു.