സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ദിവസേന നടത്തുന്ന ഭാഗ്യക്കുറി നറുക്കെടുപ്പ് ഉച്ചയ്ക്ക് മൂന്നു മുതൽ നാല് വരെ സൗജന്യമായി തത്സമയം സംപ്രേഷണം ചെയ്യുന്നതിന് മലയാള ഉപഗ്രഹ ടെലവിഷൻ ചാനലുകളിൽ നിന്നും താല്പര്യപത്രം ക്ഷണിച്ചു. രണ്ട് നറുക്കെടുപ്പുള്ള ദിവസങ്ങളിൽ രണ്ടും സംപ്രേഷണം ചെയ്യണം. സൗജന്യ തത്സമയ സംപ്രേഷണത്തിനുള്ള വ്യവസ്ഥകൾ താല്പര്യപത്രത്തിൽ വിശദമാക്കണം. ചാനലുകൾ നിലവിൽ ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ മീഡിയ ലിസ്റ്റിൽ ഉൾപ്പെട്ടതും പരസ്യ നിരക്ക് നിശ്ചയിച്ചിട്ടുള്ളതുമാകണം. പ്രമുഖ കേബിൾ ശൃംഖലകളിലും ഡി.ടി.എച്ച് പ്ലാറ്റ്ഫോമിലും ചാനൽ ലഭ്യമായിരിക്കണം. ഐ.ആന്റ്  പി.ആർ.ഡി നിരക്ക് നിശ്ചയിച്ചുളള ഉത്തരവിന്റെ പകർപ്പ്, കേബിൾ/ഡി.ടി.എച്ച് ശൃംഖലകളിലെ ലഭ്യത എന്നിവ സംബന്ധിച്ചുള്ള വിശദാംശങ്ങൾ എന്നിവ താത്പര്യപത്രത്തിൽ ഉൾപ്പെടുത്തണം.

വ്യവസ്ഥകൾക്ക് വിധേയമായി താത്പര്യപത്രം സ്വീകരിക്കുന്നതിനും നിരാകരിക്കുന്നതിനുമുള്ള പൂർണ അധികാരം സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടറിൽ നിക്ഷിപ്തമായിരിക്കും. താത്പര്യപത്രങ്ങൾ 28ന് വൈകിട്ട് നാലിന് മുൻപ് ഡയറക്ടർ, സംസ്ഥാന ഭാഗ്യക്കുറി വകുപ്പ്, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം,695033 എന്ന വിലാസത്തിൽ ലഭിക്കണം. കവറിന് പുറത്ത് ‘തത്സമയ സംപ്രേഷണത്തിനുള്ള താത്പര്യപത്രം’ എന്ന് രേഖപ്പെടുത്തിയിരിക്കണം. ഫോൺ: 0471-2305193.