കൊല്ലം : 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടര്‍പട്ടിക ശുദ്ധീകരിച്ച് ശാക്തീകരിക്കുന്ന നടപടിക്രമങ്ങളുടെ പുരോഗതി  വിലയിരുത്തുവാന്‍ ഇലക്‌ട്രോള്‍ ഒബ്‌സര്‍വര്‍ ഡോ ശര്‍മിള മേരി ജോസഫ്  ജില്ലയില്‍ സന്ദര്‍ശനം നടത്തി. പുനലൂര്‍ താലൂക്കിലെ വോട്ടര്‍ പട്ടിക അപേക്ഷകള്‍ പരിശോധിച്ച ശേഷം കലക്‌ട്രേറ്റിലെത്തിയ അവര്‍ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറുമായും തഹസീല്‍ദാര്‍മാരുമായും തിരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി.

ഓരോ താലൂക്കുകളിലേയും അപേക്ഷകളുടെ പുരോഗതി വിലയിരുത്തിയ ഒബ്‌സര്‍വര്‍  പട്ടികയില്‍ പേര് ചേര്‍ക്കുമ്പോഴും  ഒഴിവാക്കുമ്പോഴും സുതാര്യത പുലര്‍ത്തണമെന്നും നടപടിക്രമങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്നും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ എസ് ശോഭ, തഹസീല്‍ദാര്‍മാരായ ശശിധരന്‍ പിള്ള, ജി സുരേഷ് ബാബു, കെ സുരേഷ്, ജി നിര്‍മ്മല്‍ കുമാര്‍, കെ എസ് നസിയ, പി ഷിബു,  ഡെപ്യൂട്ടി തഹസീല്‍ദാര്‍മാര്‍, സ്വീപ് നോഡല്‍ ഓഫീസര്‍മാര്‍, ജില്ലയുടെ ചുമതലയുള്ള സ്വീപ് നോഡല്‍ ഓഫീസര്‍, തിരഞ്ഞെടുപ്പ് വിഭാഗം ജൂനിയര്‍ സൂപ്രണ്ട് എ ബെര്‍ണാഡിന്‍, കെ ജി ഗോപകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.