കാസര്‍ഗോഡ്:  രാജ്യത്തിന്റെ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന ജില്ലാതല പരേഡ് വിദ്യാനഗര്‍ കാസര്‍കോട് മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചു നടത്തുന്നതിന് എ ഡി എം എന്‍ ദേവീദാസിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. മൂന്ന് പോലീസ് പ്ലറ്റുണ്‍ , ഒരു എക്‌സൈസ് പ്ലറ്റുണ്‍ ഉള്‍പ്പെടെ നാല് പ്ലറ്റൂണ്‍ മാത്രം പരേഡില്‍ അണിനിരക്കും.

65 ല്‍ കൂടുതല്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കും പത്തുവയസില്‍ താഴെയുള്ള കുട്ടികള്‍ക്കും പരേഡ് വീക്ഷിക്കാന്‍ അനുവാദമില്ല. പരമാവധി 100 ക്ഷണിതാക്കളെ കോവി ഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സ്റ്റേഡിയത്തില്‍ പ്രവേശിപ്പിക്കും. ചടങ്ങില്‍ സാംസ്‌കാരിക പരിപാടികളും പുരസ്‌കാര വിതരണവും ഉണ്ടാകില്ല.

തെര്‍മല്‍ പരിശോധന നടത്തിയും മാസ്‌ക് സാനിറ്റൈസര്‍  സാമൂഹിക അകലം ഉറപ്പാക്കിയാണ് പ്രവേശനം അനുവദിക്കുക. 23 ന് ഉച്ചയ്ക്ക് ശേഷം മൂന്നിനും 24 ന് രാവിലെ എട്ടിനും യൂണിഫോം ധരിച്ച് പരേഡ് റിഹേഴ്‌സല്‍ നടത്തുമെന്ന് ഡി വൈ എസ് പി സ്‌പെഷ്യല്‍ ബ്രാഞ്ച് ബി. ഹരിചന്ദ്ര നായിക് പറഞ്ഞു. ആര്‍ഡിഒ വി ജെ ഷംസുദീന്‍ തഹസില്‍ദാര്‍മാര്‍ വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.