മംഗളാദേവി ക്ഷേത്രത്തിലെ ചിത്രാപൗര്‍ണ്ണമി മഹോത്സവത്തിന് എത്തിയ ആയിരക്കണക്കിന് ഭക്തര്‍ ദര്‍ശന സായൂജ്യവുമായി മലയിറങ്ങി. വനമധ്യത്തിലെ പുരാതനക്ഷേത്രമായ മംഗളാദേവിയില്‍ കേരള-തമിഴ് രീതിയിലുള്ള ആചാരങ്ങളില്‍ പൂജകള്‍ നടന്നു. ഇടുക്കി- തേനി ജില്ലാഭരണകൂടങ്ങല്‍ സംയുക്തമായാണ് ഉത്സവത്തിനുവേണ്ട ക്രമീകരണങ്ങള്‍ ഒരുക്കിയത്.
ഇന്നലെ അതിരാവിലെ മുതല്‍ ഭക്തര്‍ കാല്‍നടയായും ട്രിപ്പ് ജീപ്പുകളിലും സ്വകാര്യ വാഹനങ്ങളിലുമായി കണ്ണകി ഭക്തര്‍ എത്തി. തമിഴ്‌നാട്ടില്‍ നിന്നും കുമളിയില്‍ നിന്നും കാല്‍നടയായും ഭക്തര്‍ ക്ഷേത്രത്തിലേക്ക് എത്തുന്നുണ്ടായിരുന്നു.
ഭക്തരുടെ സൗകര്യത്തിനായി കുമളിയില്‍ നിന്നുള്ള മാര്‍ഗമധ്യേ വിവിധയിടങ്ങളില്‍ കുടിവെള്ള സൗകര്യവും അധികൃതര്‍ ഒരുക്കിയിരുന്നു. പരിസ്ഥിതി സൗഹാര്‍ദ്ദപരമായാണ് ഏറെയും ഭക്തര്‍ എത്തിയത്. ചില ഭക്തരുടെ കൈവശമുണ്ടായിരുന്ന പ്ലാസ്റ്റിക് കാരിബാഗുകളും, കുടിവെള്ള, പാനീയ പ്ലാസ്റ്റിക് കുപ്പികളും വിവിധയിടങ്ങളില്‍ വച്ച് ഭക്തസംഘടനാ പ്രതിനിധികളും വനംവകുപ്പ് അധികൃതരും വാങ്ങി പകരം പരിസ്ഥിതി സൗഹാര്‍ദ്ദ സാമഗ്രികളും പേപ്പര്‍ ബാഗുകളും നല്‍കി. ഗ്രീന്‍പ്രോട്ടോക്കോള്‍ പാലിക്കുന്നതിനുള്ള നിഷ്‌കര്‍ഷയോടെ വിവിധയിടങ്ങളില്‍ പരിശോധനയും ഏര്‍പ്പെടുത്തിയിരുന്നു. അതിരാവിലെ മുതല്‍ അഭൂതപൂര്‍വ്വമായ തിരക്കാണ് ക്ഷേത്രസന്നിധിയില്‍ അനുഭവപ്പെട്ടത്.
വൈദ്യസഹായം നല്‍കാന്‍ മെഡിക്കല്‍ സംഘം താല്‍ക്കാലിക ഡിസ്‌പെന്‍സറികള്‍, വിവിധ വകുപ്പുകളുടെ ആംബുലന്‍സ് സൗകര്യവും, പോലീസ് വനം വകുപ്പുകള്‍ സുരക്ഷാസൗകര്യങ്ങളും ഒരുക്കി. ഫയര്‍ ആന്റ് റെസ്‌ക്യൂ, ജലഅതോറിറ്റി, റവന്യൂ വകുപ്പ്, ശുചിത്വമിഷന്‍ തുടങ്ങിയ വകുപ്പുകളുടെ നേതൃത്വത്തിലാണ് ജില്ലാഭരണകൂടം മംഗളാദേവി ഉത്സവത്തിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയത്. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് പി.ജി. രാധാകൃഷ്ണന്‍, ഇടുക്കി റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ എം.പി വിനോദ്, ഡി.വൈ.എസ്.പി എന്‍.സി രാജ്‌മോഹന്‍ തേനി കലക്ടര്‍ എം പല്ലവി ബാല്‍ദേവ്, ഡിസ്ട്രിക്ട് റവന്യൂ ഓഫീസര്‍ പി. കന്ദസ്വാമി, വനംവകുപ്പ്, ദേവസ്വം അധികൃതര്‍സംഘടനകള്‍ തുടങ്ങിയവര്‍ ചിത്രാപൗര്‍ണ്ണമി മഹോത്സവത്തിന്റെ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.
