സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ബയോഫ്ളോക്ക് ടാങ്കിലെ തിലാപ്പിയ മത്സ്യം ജില്ലാതല വിളവെടുപ്പ് റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു.
പള്ളിക്കര പഞ്ചായത്തിലെ പാക്കത്ത് ഒരു കൂട്ടം ചെറുപ്പക്കാര്‍ ആരംഭിച്ച കൃഷിയിലെ വളര്‍ച്ചയെത്തിയ മീനുകളെ വലയില്‍ എടുത്ത് മന്ത്രി ഉദ്ഘാടന ചടങ്ങ് നടത്തി. മത്സ്യകൃഷിയിലെ നൂതന സാങ്കേതിക വിദ്യയായ ബയോഫ്ളോക്ക് ടാങ്ക് രീതി അവലംബിച്ച് വിജയം വരിച്ച യുവാക്കളെ മന്ത്രി അനുമോദിച്ചു. ഫിഷറീസ് വകുപ്പിന്റേയും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെയും സംയുക്ത നേതൃത്വത്തിലാണ് യുവാക്കള്‍ കൃഷി ഒരുക്കിയത്.

കോവിഡ് 19 ന്റെ വരവോടെ നാട് നേരിട്ട സാഹചര്യം നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച വിവിധ പദ്ധതികളുടെ കൂടെയാണ് സുഭിക്ഷ കേരളം പദ്ധതിയുടെ തുടക്കമെന്നും പദ്ധതി നാട്ടില്‍ ചരിത്ര നേട്ടമാണ് ഉണ്ടാക്കിയതെന്നും മന്ത്രി പറഞ്ഞു. രാജ്യത്തെ മറ്റൊരു സംസ്ഥാനത്തും കാണാത്ത സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങളാണ് കോവിഡ് പ്രതിരോധ കാലത്ത് സംസ്ഥാനത്ത് നടന്നതെന്നും മന്ത്രി പറഞ്ഞു. മാറിയ കാലത്ത് നൂതന രീതിയില്‍ നടത്തിയ ഇത്തരം സംരംഭങ്ങള്‍ നാടിന് ആവശ്യമാണെന്നും കൂടുതല്‍ തൊഴിലും ഭക്ഷ്യ വിഭവവും സാമ്പത്തികവും നല്‍കുന്ന സംരംഭങ്ങള്‍ മാതൃകയാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. നിലവില്‍ ജില്ലയിലെ 150 ഇടങ്ങളില്‍ ഇത്തരത്തില്‍ മത്സ്യ കൃഷി നടന്നു വരുന്നുണ്ട്. അത് ഇനിയും വ്യാപിപ്പിക്കേണ്ടതുണ്ട്. സര്‍ക്കാറിന്റെ പദ്ധതികള്‍ക്ക് യുവ തലമുറ കാണിക്കുന്ന ആവേശം ഇനിയും ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമന്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠന്‍ മുഖ്യ അതിഥിയായി. പഞ്ചായത്ത് അംഗം ഫാത്തിമത്ത് ഷംന, വാര്‍ഡ് മെമ്പര്‍ ലീന രാഘവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കുമാരന്‍ സ്വാഗതവും ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പി.വി സതീശന്‍ നന്ദിയും പറഞ്ഞു.