തൃശൂർ വാടാനപ്പള്ളി സംസ്ഥാനപാതയിലെ പ്രധാന പാലമായ പെരുമ്പുഴ പാലം അറ്റകുറ്റപ്പണികൾ പൂർത്തിയായതിനെ തുടർന്ന് തുറന്നു. ശനിയാഴ്ച രാവിലെ മണലൂർ എംഎൽഎ മുരളി പെരുനെല്ലി പാലം യാത്രക്കാർക്ക് തുറന്നു കൊടുത്തു.

1949-ൽ നിർമ്മിച്ച പാലത്തിനെ അഞ്ച് ഗർഡറുകളാണ് താങ്ങി നിർത്തുന്നത്. കാലപ്പഴക്കത്താൽ പാലത്തിന്റെ സ്ലാബുകൾ താങ്ങിനിർത്തുന്ന ഗർഡറുകൾ ദ്രവിച്ചതോടെ
പാലം ഒരു വശത്തേക്ക് ചരിഞ്ഞു.
കഴിഞ്ഞ രണ്ട് പ്രളയങ്ങളും പാലത്തിനെ കൂടുതൽ ദുർബലമാക്കി. വെള്ളത്തിൽ മുങ്ങി നിൽക്കുകയായിരുന്ന പാലത്തിന്റെ മൂന്ന് ഗർഡറുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു.

രണ്ടാമത്തെയും മൂന്നാമത്തെയും സ്ലാബുകൾക്കിടയിലുള്ള ഗർഡറുകളും പിന്നീട് ദ്രവിച്ചു. ഫൗണ്ടേഷനും കേടുപാടുകൾ സംഭവിച്ചു. അപകടാവസ്ഥയിലായ പാലാത്തിലൂടെയുള്ള ഗതാഗതം,2020 ഓഗസ്റ്റ് 11ന് പിഡബ്ല്യുഡി പാലം വിഭാഗം ഉന്നത ഉദ്യോഗസ്ഥർ സന്ദർശിച്ച് നിയന്ത്രണം ഏർപ്പെടുത്തി. ഭാരം കയറ്റിയ വാഹനങ്ങളുടെ പ്രവേശനം പൂർണമായി നിരോധിച്ചു.

നിരവധി യാത്രക്കാർ ആശ്രയിക്കുന്ന പെരുമ്പുഴ പാലത്തിന്റെ കേടുപാടുകൾ അടിയന്തരമായി തീർക്കുന്നതിന് വേണ്ട ഇടപെടലുകൾ മുരളി പെരുനെല്ലി എംഎൽഎ നടത്തിയിരുന്നു. പൊതുമരാമത്ത് മന്ത്രിയുമായും ധനകാര്യ വകുപ്പുമന്ത്രിയുമായും ബന്ധപ്പെട്ടതിനെ തുടർന്ന് 60,6000.00 (അറുപതു ലക്ഷത്തി അറുപതിനായിരം) രൂപയുടെ ഭരണാനുമതി പാലം അറ്റകുറ്റപണികൾക്കായി ലഭിച്ചു.

തുടർന്ന് ബിലായ് സ്റ്റീൽ പ്ലാന്റിൽ നിന്ന് കൊണ്ടുവന്ന ഗർഡറുകൾ പാലത്തിൽ ഉറപ്പിച്ചു. ജനുവരി പകുതിയോടെ എല്ലാ അറ്റകുറ്റപണികളും പൂർത്തീകരിക്കാനായി ദ്രുതഗതിയിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടന്നത്. പൊതുമരാമത്ത് വിഭാഗത്തിന്റെ മേൽനോട്ടത്തിൽ
തൃശൂർ ആസ്ഥാനമായ സി ടു ഇൻഫ്രാസ്ട്രക്ചറിനാണ് ബലപ്പെടുത്തൽ ചുമതല നൽകിയത്.പാലം തുറന്നു കൊടുക്കുന്നതിന്റെ ഭാഗമായി പൊതുമരാമത്ത് പാലം വിഭാഗം അസി. എക്സി എഞ്ചിനീയർ സന്തോഷ് കുമാറും സംഘവും
അവസാനഘട്ട സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം വി എൻ സുർജിത്ത്, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം കെ കെ ശശിധരൻ, അരിമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സ്മിത അജയകുമാർ, സി ജി സജീഷ്, പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എഞ്ചിനീയർ ബിജി, കെ ആർ ബാബുരാജ് എന്നിവർ പങ്കെടുത്തു.
.