ആലപ്പുഴ : കോവിഡ് പ്രതിരോധ വാക്‌സിന്‍ കോവി ഷീല്‍ഡ് വിതരണം ജില്ലയില്‍ ആരംഭിച്ചു. ജനറല്‍ ആശുപത്രിയില്‍ നടന്ന കോവിഡ് വാക്‌സിന്‍ വിതരണത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ എല്‍. അനിതകുമാരി ആദ്യമായി വാക്‌സിന്‍ സ്വീകരിച്ചു. തുടര്‍ന്ന് ഡോക്ടര്‍ വേണു ഗോപാല്‍, ആര്‍ സി എച് ഓഫീസര്‍ ഡോക്ടര്‍ മോഹന്‍ദാസ്, എന്നിവരും വാക്‌സിന്‍ സ്വീകരിച്ചു.
ജില്ലയില്‍ സജ്ജീകരിച്ചിട്ടുള്ള 9 കേന്ദ്രങ്ങളിലാണ് വാക്‌സിന്‍ വിതരണം ആരംഭിച്ചിരിക്കുന്നത്. ആരോഗ്യ മേഖലയിലെ എല്ലാവരെയും ആദ്യ ഘട്ടത്തില്‍ വാക്‌സിനേഷന് വിധേയമാക്കും. രാ വിലെ 10.30ന് പ്രധാന മന്ത്രി നരേന്ദ്ര മോഡി ഉദഘാടനം ചെയ്ത ശേഷമാണ് വാക്‌സിന്‍ വിതരണം ആരംഭിച്ചത്. മന്ത്രി ജി. സുധാകരന്‍ വാക്‌സിന്‍ വിതരണ കേന്ദ്രങ്ങളായ വണ്ടാനം മെഡിക്കല്‍ കോളേജിലും ആലപ്പുഴ ജനറല്‍ ആശുപത്രിയിലും എത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. അഡ്വ :എ. എം ആരിഫ് എം. പി വണ്ടാനം മെഡിക്കല്‍ കോളേജില്‍ എത്തി വാക്‌സിന്‍ വിതരണം വീക്ഷിച്ചു.
ജില്ലയിലെ കോവിഡ് പ്രതിരോധ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വാക്‌സിന്‍ വിതരണം ആരംഭിച്ചതോടുകൂടി കൂടുതല്‍ ആത്മവിശ്വാസമാകുമെന്ന് വിതരണ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച ശേഷം മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. ആരോഗ്യ മേഖലയിലെ ഡോക്ടര്‍മാര്‍, നേഴ്സുമാര്‍ മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവരും ത്യാഗപൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളാണ് കോവിഡ് കാലത്ത് നടത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി നരേന്ദ്രമോദി വാക്‌സിന്‍ വിതരണം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങ് കളക്ടറേറ്റില്‍ വീഡിയോ വഴി വീക്ഷിച്ച ശേഷം ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍ വാക്‌സിന്‍ വിതരണ കേന്ദ്രമായ ജനറല്‍ ആശുപത്രിയില്‍ എത്തി.
കോവിഡ് പ്രതിരോധ വാക്‌സിന്‍ ജില്ലയില്‍ തിരഞ്ഞെടുക്കപ്പെട്ട 89 കേന്ദ്രങ്ങള്‍ വഴി വിതരണം ചെയ്യുമ്പോള്‍ എല്ലാവര്‍ക്കും ലഭ്യമാകാനുള്ള സൗകര്യം ഉണ്ടാവുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. തീരദേശ മേഖല, കുട്ടനാട് തുടങ്ങി എല്ലാ വിഭാഗത്തിലെയും പ്രാതിനിധ്യം ആദ്യ ഘട്ടത്തില്‍ ഉറപ്പാക്കിക്കൊണ്ടാണ് ജില്ലയില്‍ ആദ്യ ദിനം 9 കേന്ദ്രങ്ങളിലായി 100 പേരെ വീതം തിരഞ്ഞെടുത്തു വാക്‌സിനേഷന്‍ ആരംഭിച്ചത്. ഇതില്‍ ആരോഗ്യ മേഖലയിലെ താഴേ തട്ടിലുള്ള ജീവനക്കാര്‍ അടക്കം എല്ലാവരെയും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും കളക്ടര്‍ വ്യക്തമാക്കി.
കോവിഡ് പ്രതിരോധ വാക്‌സിനേഷന്‍ ജില്ലയില്‍ ആരംഭിച്ചത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം പകരുന്നുവെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ എല്‍. അനിതകുമാരി പറഞ്ഞു. ആദ്യഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍, പ്രതിരോധ നിരയിലെ മുന്നണി പോരാളികള്‍ എന്നിവര്‍ക്കാണ് വാക്‌സിനേഷന്‍ നല്‍കുന്നത്. തുടര്‍ന്ന് പ്രായമുള്ളവര്‍ ഉള്‍പ്പടെ മുന്‍ഗണന ക്രമത്തില്‍ പൊതുജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കും. പിന്നീടാവും മറ്റുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കുകയെന്നും ജില്ലയില്‍ ആദ്യ വാക്‌സിനേഷന്‍ സ്വീകരിച്ച ശേഷം മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.
വണ്ടാനം മെഡിക്കല്‍ കോളേജ്, ആലപ്പുഴ ജനറല്‍ ആശുപത്രി, ചെങ്ങന്നൂര്‍, മാവേലിക്കര, ജില്ലാ ആശുപത്രികള്‍, കായംകുളം താലൂക്ക് ആശുപത്രി, ആര്‍.എച്ച്.റ്റി.സി.ചെട്ടികാട്, പുറക്കാട് പ്രാഥമികാരോഗ്യകേന്ദ്രം, ചെമ്പുംപുറം സാമൂഹികാരോഗ്യകേന്ദ്രം, സേക്രട്ട് ഹാര്‍ട്ട് ആശുപത്രി, ചേര്‍ത്തല എന്നിവിടങ്ങളാണ് ആദ്യഘട്ടത്തിലെ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍. ആദ്യഘട്ടം ആദ്യ ദിനത്തില്‍ വാക്സിനേഷന്‍ സ്വീകരിക്കുന്നതിന് ആരോഗ്യപ്രവര്‍ത്തകരിലെ എല്ലാ മേഖലകളില്‍ നിന്നും പ്രതിനിധികളെയാണ് തെരഞ്ഞെടുത്തിരുന്നത്.