ആലപ്പുഴ : വര്‍ഗീയതക്കും അഴിമതിക്കും എതിരെ വികസനമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതെന്ന് പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. ആലപ്പുഴ ജനറല്‍ അശുപത്രിക്ക് സമീപമുള്ള ന്യൂനപക്ഷ യുവജനങ്ങള്‍ക്കായുള്ള പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. ഏത് മേഖലയില്‍ നോക്കിയാലും കഴിഞ്ഞ നാലര വര്‍ഷകാലം കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ നടത്തിയ വികസനം അറിയാന്‍ സാധിക്കും.

റോഡുകള്‍ അടക്കം എല്ലാ മേഖലയിലുമുള്ള വികസനമാണ് സര്‍ക്കാര്‍ നടപ്പാക്കിയത്. വികസനത്തെ മുന്നോട്ട് വെച്ച് വര്‍ഗീയതയെ ചെറുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. അഴിമതി രഹിത വികസനമാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. ന്യൂനപക്ഷ വിഭാഗങ്ങള്‍ തിങ്ങിപാര്‍ക്കുന്ന സ്ഥലങ്ങളിലാണ് ഇത്തരം പരിശിലന കേന്ദ്രങ്ങള്‍ സര്‍ക്കാര്‍ സ്ഥാപിക്കുന്നത്. എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍പ്പെടുത്തിയാണ് ഒരു രാജ്യം രൂപവത്കരിക്കപ്പെട്ടത്. ഇതില്‍ നിന്നും ചിലരെ മാറ്റി നിര്‍ത്തണമെന്ന് പറയുന്ന ആളുകള്‍ രാജ്യത്തെ വീണ്ടും വിഭജിക്കാന്‍ ശ്രമിക്കുന്നവരാണ്. വര്‍ഗീയത രാജ്യത്തിന്റെ പുരോഗതിക്കെതിരെയുള്ള ഏറ്റവും വലിയ വിപത്താണെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ നഗരസഭാധ്യക്ഷ സൗമ്യ രാജ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ജില്ലാ കളക്ടര്‍ എ അലക്‌സാണ്ടര്‍ മുഖ്യാതിഥിയായി. നഗരസഭ കൗണ്‍സിലര്‍ എ എസ് കവിത, ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടര്‍ ഡോ. എ ബി മൊയ്തീന്‍കുട്ടി, പരിശീലന കേന്ദ്രം പ്രിന്‍സിപ്പാള്‍ നസീറ കെ എന്നിവര്‍ സംസാരിച്ചു.