മഹാന്മാരെ ആദരിക്കുന്നത് മറ്റുള്ളവര്‍ക്ക് അവരുടെ ജീവിത വഴികള്‍ പിന്തുടരാന്‍ പ്രചോദനമാകുമെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു പറഞ്ഞു. തിരുവല്ല മാര്‍ത്തോമാ സഭാ ആസ്ഥാനത്ത് ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ 101-ാമത് ജന്മദിനാഘോഷവും മാര്‍ത്തോമ സഭയുടെ അധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ത്തോമ മെത്രാപ്പൊലീത്തയുടെ പൗരോഹിത്യ ശുശ്രൂഷയുടെ വജ്ര ജൂബിലി ആഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉപരാഷ്ട്രപതി.  നൂറ്റി ഒന്നാം വയസിലേക്ക് കടന്ന രാജ്യത്തിന്റെ പരമോന്നത ബഹുമതികളില്‍ ഒന്നായ പത്മഭൂഷണ്‍ ലഭിച്ച ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ ജീവിതം ലോകത്തിന് മാതൃകയാണ്. അശരണരോടുള്ള കാരുണ്യവും കരുതലും അദ്ദേഹം എപ്പോഴും കാത്തു സൂക്ഷിക്കുന്നു. നന്മ ചെയ്യുന്നവരെ ആദരിക്കുന്നത് ഭാരതീയ പാരമ്പര്യമാണ്.   മാനവ സേവയാണ് മാധവ സേവയെന്ന ഭാരതീയ പാരമ്പര്യം ഉള്‍ക്കൊണ്ട് തന്റെ ജീവിതത്തിലുട നീളം പ്രവര്‍ത്തിച്ച തിരുമേനിയുടെ ജീവിതം രാഷ്ട്രത്തിന് അഭിമാനകരമാണ്.
ദൈവത്തിനും രാജ്യത്തെ ജനങ്ങള്‍ക്കുമായി നൂറു വര്‍ഷം കര്‍മ്മ നിരതമായ സേവനം നടത്തിയ ക്രിസോസ്റ്റം തിരുമേനിയെ അഭിനന്ദിക്കുന്നു. അദ്ദേഹത്തിന്റെ നേട്ടങ്ങളും സംഭാവനകളും വലിയൊരു വിഭാഗം ജനങ്ങളുടെ പുരോഗതിക്ക് കാരണമായി. ആരോഗ്യത്തോടെ, ബുദ്ധിയോടെ, വിശാല ചിന്തകളോടെ നൂറുവര്‍ഷം ജീവിക്കട്ടെയെന്ന് അഥര്‍വ വേദത്തിലെ പ്രാര്‍ഥന സാര്‍ഥകമായ ജീവിതമാണ് ക്രിസോസ്റ്റം തിരുമേനിയുടേത്. നര്‍മ്മത്തിലൂടെയും നല്ല പെരുമാറ്റത്തിലൂടെയും തന്റെ അനുഗ്രഹം അദ്ദേഹം എല്ലാവര്‍ക്കും നല്‍കുന്നു. വലിയ മെത്രാപ്പോലീത്തയുടെ നവതി ആഘോഷങ്ങളോട് അനുബന്ധിച്ച് അശരണരായ 2500 പേര്‍ക്ക് വീടു വച്ചു നല്‍കാന്‍ മാര്‍ത്തോമ്മാ സഭയ്ക്ക് കഴിഞ്ഞിരുന്നു. തൊണ്ണൂറാം ജന്മദിനാഘോഷത്തില്‍ പങ്കെടുത്ത മുന്‍ ഉപപ്രധാനമന്ത്രിയായിരുന്ന എല്‍.കെ. അഡ്വാനി അദ്ദേഹത്തിന് നൂറു വയസ് ആശംസിക്കുകയും നൂറാം പിറന്നാളിന് എത്താമെന്ന് ഉറപ്പു നല്‍കുകയും ചെയ്തിരുന്നു. 2017ല്‍ ക്രിസോസ്റ്റം തിരുമേനിയുടെ നൂറാം പിറന്നാളിന് എല്‍.കെ. അഡ്വാനി എത്തുകയും ചെയ്തിരുന്നു.
പൗരോഹിത്യ വജ്രജൂബിലി ആഘോഷിക്കുന്ന ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയുടെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വം ജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമായതില്‍ സന്തോഷിക്കുന്നു. പ്രകൃതി സംരക്ഷണത്തിന് പ്രാധാന്യം നല്‍കുന്ന അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അനുകരണീയമാണ്.  പൗരോഹിത്യ വജ്രജൂബിലിയോടനുബന്ധിച്ച്, സ്‌നേഹക്കരം എന്ന പേരില്‍ മാരക രോഗങ്ങള്‍ ബാധിച്ചവരെ സഹായിക്കാന്‍ മാര്‍ത്തോമ്മാ സഭ ആവിഷ്‌കരിച്ചിട്ടുള്ള പദ്ധതി ശ്ലാഘനീയമാണ്. ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ നല്‍കുന്ന എക്യുമെനിക്കല്‍ നേതൃത്വത്തിനും ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത അഭിനന്ദനം അര്‍ഹിക്കുന്നതായി ഉപരാഷ്ട്രപതി പറഞ്ഞു.
ഇന്ത്യയിലെ ആദ്യത്തെ മുസ്്‌ലിം പള്ളിയായിരുന്ന കൊടുങ്ങല്ലൂരിലെ ചേരമാന്‍ ജുമാ മസ്ജിദ,്  സെന്റ് തോമസ് ഇന്ത്യയില്‍ ആദ്യമായി എത്തിയ സ്ഥലം, ഒന്‍പതാം നൂറ്റാണ്ടില്‍ ക്രിസ്ത്യന്‍ പള്ളി പണിയുന്നതിന് സ്ഥലം വിട്ടു നല്‍കിയ വേണാട് രാജാവിന്റെ മാതൃക, ജൈന മതവും ബുദ്ധ മതവും ജൂതമതവും ഒക്കെ സഹവര്‍ത്തിത്വത്തോടെ കഴിഞ്ഞിരുന്ന കേരളം ഇന്ന് ദൈവത്തിന്റെ സ്വന്തം നാട് എന്നാണ് അറിയപ്പെടുന്നത്. വ്യത്യസ്ത പ്രദേശങ്ങളില്‍ നിന്നുള്ള വിഭിന്ന മതങ്ങളിലേയും സംസ്‌കാരങ്ങളിലേയും നല്ല ആശയങ്ങളെ ഉള്‍ക്കൊണ്ട ഭാരതീയ പാരമ്പര്യം മുറുകെ പിടിക്കുവാന്‍ നൂറ്റാണ്ടുകള്‍ക്കു മുന്‍പേ കേരളത്തിന് കഴിഞ്ഞിരുന്നു. ബഹുസ്വരതയും വൈവിധ്യങ്ങളും നിലനില്‍ക്കുമ്പോള്‍ തന്നെ എല്ലാവരേയും ഉള്‍ക്കൊള്ളുന്ന ഒരു പാരമ്പര്യമായിരുന്നു നമ്മുടേത്. ഈ പാരമ്പര്യത്തെ ഒറ്റക്കെട്ടായി സംരക്ഷിക്കുവാന്‍ നമുക്ക് കഴിയണമെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ.പി.ജെ. കുര്യന്‍, ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ്,  ഉമ്മന്‍ചാണ്ടി എംഎല്‍എ, ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത,  ഡോ. യുഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത, ഡോ. തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത, ഡോ. ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, ഡോ. ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത, ഡോ. ഗീവര്‍ഗീസ് മാര്‍ തിയോഡോഷ്യസ് എപ്പിസ്‌കോപ്പ,  മാര്‍ത്തോമ്മാ സഭാ ട്രഷറര്‍ പി.പി. അച്ചന്‍കുഞ്ഞ്, സഭാ സെക്രട്ടറി റവ. കെ.ജി. ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു. രാജു ഏബ്രഹാം എംഎല്‍എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
ഉച്ചയ്ക്ക് 12.30ന നഗരസഭ സ്‌റ്റേഡിയത്തില്‍ വ്യോമ സേനയുടെ പ്രത്യേക ഹെലികോപ്ടറില്‍ എത്തിയ ഉപരാഷ് ട്രപതിയെ ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ്, ആന്റോ ആന്റണി എംപി, ഡിജിപി ലോക്‌നാഥ് ബഹ്‌റ, കളക്ടറുടെ ചുമതല വഹിക്കുന്ന എഡിഎം കെ. ദിവാകരന്‍ നായര്‍, തിരുവല്ല നഗരസഭ ചെയര്‍മാന്‍ കെ.വി വര്‍ഗീസ്, എഡിജിപിമാരായ അനില്‍ കാന്ത്,  വിനോദ് കുമാര്‍, ഐജി മനോജ് ഏബ്രഹാം, ജില്ലാ പോലീസ് മേധാവി ടി. നാരായണന്‍, ആര്‍ഡിഒമാരായ എംഎ റഹീം, ടി.കെ. വിനോദ് തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.  തുടര്‍ന്ന് മാര്‍ത്തോമ്മാ സഭാ ആസ്ഥാനത്തെ പുലാത്തീനില്‍ സഭ ഒരുക്കിയ ഉച്ചവിരുന്നില്‍ ഉപരാഷ്ട്രപതി പങ്കെടുത്തു. വൈകിട്ട് 4.10ന് ഉപരാഷ്ട്രപതി മടങ്ങി.