തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫിസുകളിലെ ഹരിത ചട്ട പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുന്ന ‘ഹരിത ഓഡിറ്റിന്റെ’ ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാര്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജാ ബീഗത്തിന് കൈമാറിയാണ് പ്രകാശനം നിര്‍വഹിച്ചത്. ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഡി. ഹുമയൂണ്‍, ശുചിത്വ മിഷന്‍ ജില്ലാ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ഷീബ പ്യാരേലാല്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ജില്ലയില്‍ ഇതുവരെ 80 സര്‍ക്കാര്‍ ഓഫീസുകളില്‍ ഹരിത ഓഡിറ്റ് നടത്തിയതില്‍ 62 ഓഫിസുകള്‍ ഗ്രീന്‍ സര്‍ട്ടിഫിക്കേഷന്‍ നേടി. 33 സംസ്ഥാനതല സര്‍ക്കാര്‍ ഓഫിസുകളില്‍ നടത്തിയ പരിശോധനയില്‍ മൂന്ന് എണ്ണത്തിന് എ ഗ്രേഡും ഏഴ് ഓഫിസുകള്‍ക്ക് ബി ഗ്രേഡും 15 ഓഫിസുകള്‍ക്ക് സി ഗ്രേഡും ലഭിച്ചു. ജില്ലാ/താലൂക്ക്, തദ്ദേശ ഭരണ സ്ഥാപന പരിധിയിലെ 47 സര്‍ക്കാര്‍ ഓഫിസുകളില്‍ നടത്തിയ പരിശോധനയില്‍ 11 ഓഫിസുകള്‍ക്ക് എ ഗ്രേഡും 10 ഓഫിസുകള്‍ക്കു ബി ഗ്രേഡും 16 ഓഫിസുകള്‍ക്കു സി ഗ്രേഡും ലഭിച്ചതായി ഹരിത കേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഡി. ഹുമയൂണ്‍ അറിയിച്ചു. സര്‍ട്ടിഫിക്കേഷന് അര്‍ഹരാകാത്ത ഓഫീസുകള്‍ക്ക് 15 ദിവസത്തിനുള്ളില്‍ ന്യൂനത പരിഹരിച്ച് പുനഃപരിശോധന നടത്താവുന്നതാണ്. ജില്ലയില്‍ ജനുവരി 20 വരെയാണ് ഹരിത ഓഡിറ്റ് നടത്തുക.