എറണാകുളം: തൊഴിലാളികളുടെ ക്ഷേമവും സാമൂഹ്യ സുരക്ഷയും ആരോഗ്യപരിരക്ഷയും ഉത്തരവാദിത്വമായാണ് സർക്കാർ കാണുന്നതെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ. എറണാകുളം ഇഎസ്ഐ ആശുപത്രി ഇൻറൻസീവ് കെയർ യൂണിറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി . തൊഴിൽ മേഖല നാടിൻറെ വികസനപ്രക്രിയയുടെ അനിവാര്യഘടകമാണ്. കേരളത്തെ തൊഴിൽ സൗഹൃദ-നിക്ഷേപസൗഹൃദ സംസ്ഥാനമാക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിൽ നിർണായക പങ്കാണ് തൊഴിലാളികൾ വഹിച്ചത്.
തൊഴിൽ സുരക്ഷിതത്വവും തൊഴിലാളികളുടെ അവകാശങ്ങളും സാമൂഹ്യപരിരക്ഷയും ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യമാണുള്ളത് . ഈ ദേശീയ സാഹചര്യത്തിലും തൊഴിലാളിക്ഷേമനടപടികളിലും അവരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും സംരക്ഷിക്കുന്നതിലും സംസ്ഥാന സർക്കാർ ഒരിഞ്ചുപോലും പുറകോട്ടുപോയിട്ടില്ല എന്നും മന്ത്രി പറഞ്ഞു . തൊഴിലാളികളുടെ അവകാശങ്ങൾ ദുർബലപ്പെടുത്തുന്ന ഒരു നടപടിക്കും സർക്കാർ കൂട്ടുനിൽക്കില്ല. തൊഴിലാളിക്ഷേമത്തിൻറെ ബദൽ നിലപാട് ഉയർത്തിപ്പിടിച്ച് സംസ്ഥാന സർക്കാർ മുന്നോട്ടുപോകുമെന്നും തൊഴിലാളികളുടെ ക്ഷേമവും സാമൂഹ്യസുരക്ഷയും ആരോഗ്യപരിരക്ഷയും ഉറപ്പുവരുത്താനാവശ്യമായ എല്ലാ നടപടികളും സർക്കാർ തുടർന്നും സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു .
തൊഴിലാളികളുടെയും കുടുംബാംഗങ്ങളുടെയും ആശ്രയകേന്ദ്രമായ ഇഎസ്ഐ ആശുപത്രികളുടെയും ഡിസ്പൻസറികളുടെയും സൗകര്യങ്ങളും ചികിത്സാസംവിധാനങ്ങളും ഉന്നത നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായാണ് ഇൻറൻസീവ് കെയർ യൂണിറ്റുകൾ സ്ഥാപിക്കുന്നത്. ഒമ്പത് ഇഎസ്ഐ ആശുപത്രികളിൽ ആറിടത്താണ് ഒന്നാം ഘട്ടത്തിൽ ഐസിയു ആരംഭിക്കുന്നത്.
കഴിഞ്ഞ നാല് വർഷത്തിനിടെ പദ്ധതിയിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണത്തിൽ 3.19 ലക്ഷത്തോളം പേരുടെ വർധനവുണ്ടായി. സുൽത്താൻബത്തേരി, മാന്തവാടി , കണ്ണൻദേവൻ ഹിൽസ് ഡിസ്പൻസറികൾ ഉടൻ പ്രവർത്തനമാരംഭിക്കും. മെച്ചപ്പെട്ട രോഗനിർണയസംവിധാനവും ചികിത്സയും ഉറപ്പുവരുത്തുന്നതിനായി ഇഎസ്ഐ ആശുപത്രികളുടെയും ഡിസ്പൻസറികളുടെയും സൗകര്യങ്ങളും നിലവാരവും വർധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇതിൻറെ ഭാഗമായാണ് ആശുപത്രികളിൽ ഐസിയു സ്ഥാപിക്കുന്നത്.
ആദ്യഘട്ടത്തിൽ എറണാകുളത്തിനു പുറമെ പേരൂർക്കട, കോട്ടയം ജില്ലയിലെ വടവാതൂർ, ആലപ്പുഴ, തൃശൂർ ജില്ലയിലെ ഒളരിക്കര, കോഴിക്കോട് ജില്ലയിലെ ഫറോക്ക് ആശുപത്രികളിൽ ഫസ്റ്റ് ലെവൽ ഐസിയു സ്ഥാപിക്കും. മറ്റു മൂന്ന് ആശുപത്രികളി രണ്ടാം ഘട്ടത്തിൽ ഐസിയു നിലവിൽ വരും. ഫറോക്ക്, പേരൂർക്കട ഇഎസ്ഐ ആശുപത്രികളിൽ കീമോതെറാപ്പി യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. മുളങ്കുന്നത്തുകാവ് ആശുപത്രിയി ഡയാലിസിസ് യൂണിറ്റും ഒളരിക്കര ആശുപത്രിയിൽ കീമോതെറാപ്പി യൂണിറ്റും ഉടൻ പ്രവർത്തനമാരംഭിക്കും.
കൊല്ലത്ത് മൊബൈൽ പെയിൻ ആൻറ് പാലിയേറ്റീവ് കെയർ യൂണിറ്റ് ആരംഭിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. രാജ്യത്താദ്യമായാണ് ഇഎസ്ഐ സാന്ത്വനപരിചരണരംഗത്തേക്ക് കടക്കുന്നത്. കശുഅണ്ടി തൊഴിലാളികൾ ഉൾപ്പെടെ ഇഎസ്ഐ പദ്ധതി ഗുണഭോക്താക്കളുടെ എണ്ണത്തി മുന്നിൽ നിൽക്കുന്ന ജില്ലയാണ് കൊല്ലം. ശാരീരികമായി അവശത അനുഭവിക്കുന്നവരും മാരകരോഗങ്ങൾ ബാധിച്ചവരും കിടപ്പുരോഗികളും ഈ ഗുണഭോക്താക്കളുടെ കൂട്ടത്തിലുണ്ട് എന്നും മന്ത്രി പറഞ്ഞു.
ടി ജെ വിനോദ് എം എൽ എ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൊച്ചി മേയർ അഡ്വ എം അനിൽ കുമാർ, കോർപറേഷൻ കൗൺസിലർ കാജൽ സലീം, ഇഎസ്ഐ കോർപറേഷൻ ബോർഡ് അംഗം വി രാധാകൃഷ്ണൻ, റീജിയണൽ ഡയറക്ടർ ഡോ. കെ എം എം മാത്യൂസ് മാത്യു , ഇൻഷുറൻസ് മെഡിക്കൽ സർവീസസ് ഡയറക്ടർ ഡോ. എം പദ്മജ , റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ഡോ . ഡി അനിത , എറണാകുളം ഇ എസ് ഐ ആശുപത്രി സൂപ്രണ്ട് ഡോ . ജൊവാൻ കരെൻ മെയിൻ തുടങ്ങിയവർ പങ്കെടുത്തു .