കൊല്ലം : ഏരൂര്‍ പോലീസ് സ്റ്റേഷന്‍ അനുബന്ധ കെട്ടിടം വനം-വന്യജീവി വകുപ്പ് മന്ത്രി കെ രാജു നാടിന് സമര്‍പ്പിച്ചു. പോലീസ് സ്റ്റേഷനുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുമ്പോള്‍ പൊതുജനങ്ങള്‍ക്ക് മികവാര്‍ന്ന സേവനങ്ങള്‍ നല്‍കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

നിലവിലെ പോലീസ് സ്റ്റേഷന്‍ കെട്ടിടത്തോട് ചേര്‍ന്ന് ഒരു സബ് ഇന്‍സ്‌പെക്ടര്‍സ് മുറി, സന്ദര്‍ശകര്‍ക്കായുള്ള മുറി എന്നിവയാണ് നിര്‍മിച്ചിട്ടുള്ളത്.  കൂടാതെ പോലീസ് സ്റ്റേഷന്റെ മുറ്റത്ത് തറയോട് പാകല്‍, പൂന്തോട്ടം ഒരുക്കല്‍ എന്നീ പൊതുജന സൗഹാര്‍ദ പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിച്ചിട്ടുണ്ട്.  സ്ഥലം എം എല്‍ എ കൂടിയായ മന്ത്രി കെ രാജുവിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും 12 ലക്ഷം രൂപയായിരുന്നു ധനസഹായം.

ചടങ്ങില്‍ ഏരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി അജയന്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ചിന്നു വിനോദ്, അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാ രാജേന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ് ശോഭ, കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ ബി രവി,  അഡീഷണല്‍ ജില്ലാ പോലീസ് മേധാവി മധുസൂദനന്‍, പുനലൂര്‍ ഡി വൈ എസ് പി എസ്.അനില്‍ദാസ്, ഏരൂര്‍ പോലീസ് സ്റ്റേഷന്‍ എസ് എച്ച് ഒ പി.നിധിന്‍രാജ് തുടങ്ങിയവര്‍ പങ്കെടുത്തു.