സ്‌കൂളുകളിൽ 200 പ്രവൃത്തി ദിവസങ്ങൾ സൃഷ്ടിക്കുക സർക്കാർ ലക്ഷ്യം
കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ ഇത് ഉണർവിന്റെ കാലമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്‌കൂൾ പാഠപുസ്തകങ്ങളുടെയും സൗജന്യ കൈത്തറി യൂണിഫോമിന്റേയും വിതരണം മണക്കാട് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. സ്‌കൂളുകളിൽ 200 പ്രവൃത്തി ദിവസങ്ങൾ സൃഷ്ടിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഇതിന്റെ അടിസ്ഥാനത്തിലാണ് ജൂൺ ഒന്നിന് സ്‌കൂൾ തുറക്കാൻ തീരുമാനിച്ചത്. പഠന സമ്പ്രദായവും പാഠ്യ വിഷയങ്ങളും മാറി വരികയാണ്. മാറ്റം പൂർണമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ അധ്യാപകർക്കും പരിശീലനം നൽകുകയാണ്. എല്ലാ വിദ്യാർത്ഥികളെയും പഠനത്തിന് സഹായിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. പൂർണ അന്ധരായ ചില നിർഭാഗ്യവാൻമാർ നമ്മുടെ നാട്ടിലുണ്ട്. ആലപ്പുഴയിൽ വച്ച് ഇത്തരത്തിലുള്ള ഒരാൾ നേരിട്ടു കണ്ട് പഠിക്കുന്ന കാലത്തെ വിഷമത്തെക്കുറിച്ചൊക്കെ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബ്രെയിലി പഠന സഹായി കാഴ്ചയില്ലാത്ത വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യാൻ തീരുമാനിച്ചത്. കൈത്തറി യൂണിഫോം തയ്യാറാക്കുന്നതിന് ആവശ്യമായ തൊഴിലാളിലെ കണ്ടെത്തി നിയമിക്കാൻ നടപടി സ്വീകരിക്കേണ്ടതുണ്ട്. വിദ്യാഭ്യാസ വകുപ്പിനൊപ്പം പൂർവ വിദ്യാർത്ഥികൾ, പി. ടി. എ, തദ്ദേശസ്ഥാപനങ്ങൾ, നാട്ടുകാർ തുടങ്ങി വിവിധ വിഭാഗങ്ങൾ ചേർന്നാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പൂർണതയിലെത്തിക്കേണ്ടത്. പാഠപുസ്തകം ലഭിക്കുന്നില്ലെന്നതായിരുന്നു വിദ്യാഭ്യാസ മേഖലയിലെ വലിയ പരാതി. എന്നാൽ ഇപ്പോഴത് പഴങ്കഥയായിരിക്കുന്നു. സ്‌കൂൾ വർഷം ആരംഭിക്കുന്നതിന് ഒരു മാസം മുമ്പ് പാഠപുസ്തകം എത്തിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദ്യാർ്തികളായ ഇന്ദ്രാർജുൻ, നിമിഷ, നിഖിൽ നായർ എന്നിവർക്ക് ബ്രെയിലി പാഠപുസ്തകം മുഖ്യമന്ത്രി നൽകി. മണക്കാട് സ്‌കൂളിലെ വിദ്യാർത്ഥികളായ ഐശ്വര്യ, പാർവതി, ഗീതാഞ്ജലി, അശ്വനി എന്നിവർക്ക് പുതിയ പാഠപുസ്തകങ്ങളും യൂണിഫോമും മുഖ്യമന്ത്രി വിതരണം ചെയ്തു. കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല രാജ്യത്തിനാകെ അഭിമാനകരമായ നേട്ടത്തിലേക്ക് കടക്കുകയാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച വ്യവസായ മന്ത്രി എ. സി. മൊയ്തീൻ പറഞ്ഞു. ജനങ്ങളുടെ സഹകരണത്തോടെ വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റമാണ് നടക്കുന്നത്. ഈ വർഷം 23 ലക്ഷം മീറ്റർ തുണിയാണ് സ്‌കൂൾ യൂണിഫോമിനായി തയ്യാറാക്കിയത്. അടുത്ത വർഷം കൂടുതൽ തൊഴിലാളികളെയും തറികളും ഇതിനായി ഏർപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, മേയർ വി. കെ. പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. കെ. മധു, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഇളങ്കോവൻ, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. വി. മോഹൻ കുമാർ, കൈത്തറി ഡയറക്ടർ സുധീർ, എസ്. എസ്. എ ഡയറക്ടർ എ. പി. കുട്ടികൃഷ്ണൻ, കെ. ബി. പി. എസ് ചെയർമാൻ കെ. കാർത്തിക് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.