നിയമസഭാ മാധ്യമ അവാർഡുകൾ വിതരണം ചെയ്തു
കാവ്യ ദർശനത്തെ രാഷ്ട്രീയ പ്രഖ്യാപനമാക്കിയ കവിയാണ് കുമാരനാശാനെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. സെന്റർ ഫോർ പാർലമെന്ററി സ്റ്റഡീസ് ആന്റ് ട്രെയിനിംഗും കുമാരനാശാൻ ദേശീയ സാംസ്‌കാരിക ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി നിയമസഭാ ലോഞ്ചിൽ സംഘടിപ്പിച്ച ആശാൻ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നവോത്ഥാന രംഗത്ത് ഉർജ്ജസ്വലമായ സംഭാവന നൽകിയ കുമാരനാശാന്റെ ചിന്ത കേരള സമൂഹത്തെ ഇന്നും പ്രചോദിപ്പിക്കുന്നവയാണെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ആശാൻ സാഹിത്യത്തിൽ ആഴത്തിയിൽ പഠനം നടത്തിയ പ്രൊഫ. എം.കെ സാനുവിനെ ചടങ്ങിൽ ആദരിച്ചു. അദ്ദേഹത്തിന്റെ മറുപടി പ്രഭാഷണം യോഗത്തിൽ പ്രദർശിപ്പിച്ചു. പ്രൊഫ. വി. മധുസൂദനൻ നായർ പ്രഭാഷണം നടത്തി.
നിയമസഭ സെക്രട്ടേറിയറ്റ് തയ്യാറാക്കിയ റഫറൻസ് പുസ്തകങ്ങളുടെ പ്രകാശനവും ചടങ്ങിൽ നടന്നു. നിയമസഭ എസ്റ്റിമേറ്റ് സമിതിയെ സംബന്ധിച്ച പുസ്തകം മന്ത്രി കെ.കെ ശൈലജ ടീച്ചർ എസ്. ശർമ എം.എൽ.എയ്ക്ക് നൽകി. പരിസ്ഥിതി സമിതിയെ സംബന്ധിച്ച പുസ്തകം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മുല്ലക്കര രത്നാകരൻ എം.എൽ.എയ്ക്ക് കൈമാറി.
ഹർജികൾ സംബന്ധിച്ച സമിതിയെക്കുറിച്ചുള്ള പുസ്തകം മന്ത്രി എം.എം. മണി, ആർ. രാമചന്ദൻ എം.എൽ.എയ്ക്ക് നൽകി. കുമാരനാശാൻ ദേശീയ സാംസ്‌കാരിക ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ എം.എൽ.എമാരായ ഇ.കെ വിജയൻ, ടി. വി രാജേഷ്, സി.കെ ആശ എന്നിവർ ഏറ്റുവാങ്ങി.
2020ലെ നിയമസഭാ മാധ്യമ അവാർഡുകൾ സ്പീക്കർ വിതരണം ചെയ്തു. സെന്റർ ഫോർ പാർലമെന്ററി സ്റ്റഡീസ് ആന്റ് ട്രെയിനിംഗിന്റെ സർട്ടിഫിക്കറ്റ് കോഴ്സ് ഏഴാം ബാച്ചിന്റ ഉദ്ഘാടനവും സ്പീക്കർ നിർവഹിച്ചു. മുൻ എം.എൽ.എ എം.ജെ ജേക്കബിനെ ചടങ്ങിൽ ആദരിച്ചു.