Kerala’s Top 50 Policies and Projects-27

തൊഴിൽ മേഖലയ്ക്ക് കരുത്ത് പകർന്ന് തൊഴിലാളി ക്ഷേമം ഉറപ്പാക്കാനായി സംസ്ഥാന സർക്കാർ സ്വീകരിച്ച നയങ്ങളെക്കുറിച്ചാണ് ഇന്നത്തെ ലേഖനം. കേരളത്തിന്റെ തൊഴിൽ മേഖലയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി മാറിയ നിയമമാണ് റൈറ്റ് ടു സിറ്റ് ( ഇരിക്കാനുള്ള അവകാശം നിയമം). എല്ലാ കച്ചവട വാണിജ്യ സ്ഥാപനങ്ങളിലും സ്ത്രീ തൊഴിലാളികൾക്ക് നിർബന്ധമായും ഇരിപ്പിടം നൽകണമെന്ന് 2018ൽ രൂപീകരിച്ച നിയമം നിഷ്‌കർഷിക്കുന്നു. സ്ത്രീ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അവരുടെ അന്തസ് സംരക്ഷിക്കാനും ലക്ഷ്യമിടുന്ന നിയമം ചരിത്രത്തിന്റെ ഭാഗമായി കഴിഞ്ഞു.

കേരളത്തിന്റെ സാമ്പത്തിക സാമൂഹിക വളർച്ച ലക്ഷ്യമിട്ട് കരട് തൊഴിൽ നയം രൂപീകരിക്കാൻ മുൻകൈ എടുത്തതാണ് തൊഴിൽ മേഖലയിൽ സ്വീകരിച്ച മറ്റൊരു ശക്തമായ നടപടി. സ്ത്രീ സൗഹൃദ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുകയും തൊഴിൽ സ്ഥലത്ത് സ്ത്രീകളുടെ അവകാശം സംരക്ഷിക്കുകയും ഒപ്പം മികച്ച വേതനവും ജോലി സുരക്ഷയും ഉറപ്പാക്കുകയും ചെയ്യുന്ന തൊഴിൽ നയം തൊഴിലാളികളുടെ ദീർഘകാല ക്ഷേമത്തെയാണ് ലക്ഷ്യമിടുന്നത്.

മെറ്റേണിറ്റി ബെനിഫിറ്റ് അമൻഡ്മെന്റ് ആക്ടിലൂടെ സ്വകാര്യ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കൂടി പ്രസവാനുകൂല്യ പരിധിയിൽ കൊണ്ടു വന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളം. ഈ നിയമപ്രകാരം സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സ്ത്രീകൾക്ക് 26 ആഴ്ച ശമ്പളത്തോടെ പ്രസവ അവധിയും ഒറ്റത്തവണയായി ചികിത്സാ ആവശ്യങ്ങൾക്ക് 3500 രൂപയും ലഭിക്കുന്നു. സ്ത്രീ ശാക്തീകരണവും സാമൂഹ്യ നീതിയും ഉറപ്പാക്കാൻ കേരളം സ്വീകരിച്ച ഈ നയം കേന്ദ്ര സർക്കാർ ഏറ്റെടുത്ത് ഇന്ത്യയാകെ നടപ്പാക്കാക്കുകയാണ്.

കരട് തൊഴിൽ നയം രൂപീകരിക്കുവാനും തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷ ഉറപ്പാക്കാനും നിശ്ചയദാർഢ്യത്തോടെ ശക്തമായ നയങ്ങൾ സ്വീകരിക്കുന്നതിനോടൊപ്പം തൊഴിൽ രംഗത്തെ മികവിലേക്ക് ഉയർത്താനുള്ള നടപടികളും സർക്കാർ സ്വീകരിച്ചു. നോക്കുകൂലി നിരോധനം, തൊഴിലാളികളുടെ ക്ഷേമത്തിന് ഊന്നൽ നൽകി

സ്ഥാപനങ്ങൾക്ക് ഗ്രേഡിംഗ്, മികച്ച തൊഴിലാളികൾക്ക് തൊഴിൽ ശ്രേഷ്ഠ അവാർഡ് തുടങ്ങി ഒട്ടേറെ പുതിയ ആശയങ്ങളാണ് തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ കഴിഞ്ഞ നാല് വർഷം സർക്കാർ നടപ്പാക്കിയത്. കേരളത്തിന്റെ തൊഴിൽ മേഖലയ്ക്ക് ഊർജ്ജം പകരുന്ന കാലോചിതമായ നയങ്ങളിലൂടെ തൊഴിലാളികളുടെ ക്ഷേമവും സംരക്ഷണവും തൊഴിൽ സുരക്ഷയും ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യം.

#keralastop50policiesandprojects

#KeralaLeads