ആലപ്പുഴ: ലൈഫ് മിഷന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് രണ്ടരലക്ഷം വീടുകള്‍ പൂര്‍ത്തിയായതിന്റെ പ്രഖ്യാപനം ജനുവരി 28ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തും. എല്ലാ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലും നടക്കുന്ന ചടങ്ങില്‍ ഓണ്‍ലൈനായാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തുന്നത്.

ജില്ലയില്‍ 72 ഗ്രാമപഞ്ചായത്തുകളിലും 6 മുനിസിപ്പാലിറ്റികളിലും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് ഗുണഭോക്താക്കളുടെ സംഗമങ്ങള്‍ നടക്കും. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും ലൈഫ് ഗുണഭോക്താക്കള്‍ക്ക് ലഭിക്കേണ്ട മറ്റ് സേവനങ്ങള്‍ സംബന്ധിച്ച അപേക്ഷകളും, പരാതികളും സ്വീകരിക്കുവാന്‍ ഈ സംഗമങ്ങളില്‍ സംവിധാനമൊരുക്കും. ഇത്തരം അപേക്ഷകള്‍/ പരാതികള്‍ ജില്ലാ കളക്ടറുടെ അദാലത്തുകളില്‍ പ്രത്യേകമായി പരിഗണിച്ച് നടപടികള്‍ സ്വീകരിക്കും. അദാലത്തില്‍ സമര്‍പ്പിക്കേണ്ട അപേക്ഷകളുടെ ഫോറങ്ങള്‍ ഗുണഭോക്താക്കളുടെ വീടുകളില്‍ എത്തിച്ചുകൊടുക്കും. പ്രഖ്യാപന ചടങ്ങുകളുമായി ബന്ധപ്പെട്ട് തദ്ദേശസ്ഥാപനതലത്തില്‍ സംഘാടക സമിതികള്‍ രൂപീകരിച്ചു വരുന്നു.

ജില്ലയില്‍ ലൈഫ് മിഷനില്‍ വിവിധ ഘട്ടങ്ങളിലായി ഇതിനോടകം 17588 വീടുകള്‍ പൂര്‍ത്തീകരിച്ചു. 3125 വീടുകള്‍ നിര്‍മ്മാണ ഘട്ടത്തിലാണ്. നിര്‍മ്മാണ ഘട്ടത്തിലുള്ള വീടുകളില്‍ ഭൂരിഭാഗവും മുഖ്യമന്ത്രിയുടെ രണ്ടാംഘട്ട 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി മാര്‍ച്ച് മാസത്തോടെ പൂര്‍ത്തിയാകും. എസ് സി /എസ് ടി /ഫിഷറീസ് അഡീഷണല്‍ ലിസ്റ്റിലുള്ള ഗുണഭോക്താക്കളുമായുള്ള കരാര്‍വെയ്ക്കല്‍ പുരോഗമിക്കുകയാണ്. എസ് സി /എസ് ടി /ഫിഷറീസ് അഡീഷണല്‍ ലിസ്റ്റില്‍ 2954 പേരാണ് ജില്ലയില്‍ നിലവിലുള്ളത്. ഇതില്‍ രേഖകള്‍ ഹാജരാക്കുന്ന എല്ലാവരുമായും കരാര്‍വെച്ച് വീട് നിര്‍മ്മാണം ഈ മാസം തന്നെ ആരംഭിക്കും.

ഭൂരഹിതര്‍ക്കായി 4 ഫ്‌ളാറ്റുകള്‍ക്കാണ് ജില്ലയില്‍ ഇതുവരെ ഭരണാനുമതി ലഭിച്ചിട്ടുള്ളത്. ഇതില്‍ ആലപ്പുഴ പറവൂര്‍, മണ്ണഞ്ചേരി, പള്ളിപ്പാട് ഭവനസമുച്ചയങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചു. തഴക്കരയില്‍ സഹകരണ വകുപ്പിന്റെ കെയര്‍ ഹോം പദ്ധതിയുടെ ഭാഗമായി ഫ്‌ളാറ്റ് നിര്‍മ്മിക്കും. ജനുവരി 28ന് നടക്കുന്ന രണ്ടരലക്ഷം വീടുകളുടെ പൂര്‍ത്തീകരണവുമായി ബന്ധപ്പെട്ട് ജില്ലാതലത്തില്‍ മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാജേശ്വരി, ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍, ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ വി. പ്രദീപ്കുമാര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. ശ്രീകുമാര്‍, നഗരകാര്യ റീജിയണല്‍ ജോയിന്റ് ഡയറക്ടര്‍, ലൈഫ് മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ശ്രീ. പി. പി. ഉദയസിംഹന്‍ എന്നിവരാണ് മോണിറ്ററിംഗ് കമ്മിറ്റിയിലുള്ളത്.