തിരുവനന്തപുരം: ജില്ലയിലെ തീര മേഖലയിൽ 423 കുടുംബങ്ങളുടെ സുരക്ഷിത ഭവനമെന്ന സ്വപ്ന സാക്ഷാത്കാരത്തിനു പൂർണത നൽകി ഫിഷറീസ് വകുപ്പിന്റെ പുനർഗേഹം പദ്ധതി. 134 പുനർഗേഹം വീടുകളുടെ നിർമാണം ജില്ലയിൽ അതിവേഗം പുരോഗമിക്കുന്നു. 274 എണ്ണത്തിന്റെ നിർമാണ നടപടി ഉടൻ ആരംഭിക്കും. വേലിയേറ്റ മേഖലയിൽനിന്ന് 50 മീറ്ററിനുള്ളിൽ താമസിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളെ വീടും സ്ഥലവും നൽകി സുരക്ഷിത ഇടത്തേക്കു പുനരധിവസിപ്പിക്കുന്ന സർക്കാർ പദ്ധതിയാണ് പുനർഗേഹം.
ജില്ലയിൽ 15 കുടുംബങ്ങൾക്ക് പുനർഗേഹം പദ്ധതിയിൽപ്പെടുത്തി ഇതിനോടകം സ്വന്തം വീട് നൽകി. 25 കോടി രൂപയാണ് പദ്ധതിക്കായി ജില്ലയിൽ ഇതുവരെ സർക്കാർ വിനിയോഗിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി, ഫിഷറീസ് വകുപ്പിന്റെ ബജറ്റ് വിഹിതം എന്നിവയിൽനിന്നുമാണ് ഈ പണം കണ്ടെത്തുന്നത്.
ഓരോ കുടുംബത്തിനും 10 ലക്ഷം രൂപയാണ് പദ്ധതി പ്രകാരം ലഭിക്കുക. 10 ലക്ഷം വിനിയോഗിച്ച് സ്വന്തം ഇഷ്ടപ്രകാരം കണ്ടെത്തുന്ന സുരക്ഷിതമായ സ്ഥലം വാങ്ങാം. വീടും സ്ഥലവും ഒരുമിച്ചു വാങ്ങാനാകും. ഭൂമി വാങ്ങി വീട് വയ്ക്കുകയാണെങ്കിൽ ആറു ലക്ഷം രൂപ ഭൂമി വാങ്ങുന്നതിനും നാലു ലക്ഷം രൂപ ഭവന നിർമാണത്തിനും ചെവാക്കണം. ഭൂമി വാങ്ങുന്നതിന് ആറു ലക്ഷം ചെലവായില്ലെങ്കിൽ ആ തുക കൂടി ഭവന നിർമാണത്തിനു നൽകും. നഗര പരിധിയിൽ രണ്ടു സെന്റും ഗ്രാമീണ മേഖലയിൽ മൂന്നു സെന്റ് സ്ഥലവുമാണ് പദ്ധതി പ്രകാരം അനുവദിച്ചിട്ടുള്ളത്. ഭൂമി വില ഭൂവുടമയുടെ അക്കൗണ്ടിലേക്കു സർക്കാർ നേരിട്ടു നൽകും. വീട് നിർമിക്കാനുള്ള തുക ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് മൂന്ന് ഗഡുക്കളായും കൈമാറും.
വേലിയേറ്റം രൂക്ഷമായ അഞ്ചുതെങ്ങ്, വലിയതുറ, ചിറയിൻകീഴ്, പൂവർ എന്നീ തീരദേശ മേഖലയിലെ കുടുംബങ്ങളാണ് പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കൾ. കടലാക്രമണ ഭീഷണിയിൽ കഴിഞ്ഞിരുന്ന തീരദേശ കുടുംബങ്ങൾക്ക് പ്രതീക്ഷയുടെ പുതുവെട്ടം നൽകുകയാണ് പുനർഗേഹം പദ്ധതി.