ഭാരത സര്‍ക്കാര്‍ 2022 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്തെ എല്ലാ ബ്ലോക്കുകളിലും ‘കിസാന്‍ കല്യാണ്‍ കാര്യശാല’ എന്ന പേരില്‍ ഏകദിന ശില്പശാല നടത്തി . ഇതിന്റെ ഭാഗമായി കട്ടപ്പന നഗരസഭാ കാര്യാലയത്തില്‍ നടന്ന ശില്പ്പശാല നഗരസഭാ ചെയര്‍മാന്‍ മനോജ്.എം.തോമസ് ഉദ്ഘാടനം ചെയ്തു. ആത്മ ഇടുക്കി ഡെപ്യൂട്ടി പ്രൊജക്ട് ഡയറക്ടര്‍ ഡോ. പി.വി.ഗീതമ്മ പദ്ധതി വിശദീകരിച്ചു. കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെയും ആത്മ (അഗ്രികള്‍ച്ചര്‍ ടെക്‌നോളജി മാനേജ്‌മെന്റ് ഏജന്‍സി) ഇടുക്കിയുടെയും സംയുക്താഭിമുഖ്യത്തില്‍ ഗ്രാമസ്വരാജ് അഭിയാന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, ഫിഷറീസ്, മണ്ണ് സംരക്ഷണം, കെ.എസ്.ഇ.ബി, സ്‌പൈസസ് ബോര്‍ഡ്, കോഫി ബോര്‍ഡ്, റ്റീ ബോര്‍ഡ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ അതാത് വകുപ്പുകളിലെ പദ്ധതികള്‍ വിശദീകരിക്കുകയും കര്‍ഷകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്കുകയും ചെയ്തു. ശാന്തന്‍പാറ കൃഷി വിജ്ഞാനകേന്ദ്രത്തിലെ ഡോ.മഞ്ജു ജിന്‍സി വര്‍ഗീസ്, കേരള കാര്‍ഷിക സര്‍വ്വകാലാശാല റിട്ട.പ്രൊഫസര്‍ ഡോ.കുര്യാക്കോസ് കെ.പി എന്നിവര്‍ ക്ലാസ് നയിച്ചു. തുടര്‍ന്ന് കര്‍ഷക സംവാദവും നടന്നു. നഗരസഭാ വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി അധ്യക്ഷത വഹിച്ചു. കട്ടപ്പന കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ സിബി സെബാസ്റ്റ്യന്‍ സ്വാഗതവും കട്ടപ്പന കൃഷി ഓഫീസര്‍ ബോന്‍സി ജോസഫ് നന്ദിയും പറഞ്ഞു. കൗണ്‍സിലര്‍മാരായ സി.കെ.മോഹനന്‍, തങ്കമണി രവി, ലൂസി ജോയി, സെലിന്‍ ജോയി, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.