Kerala’s Top 50 Policies and Projects-29

കേന്ദ്രാവിഷ്‌കൃത പദ്ധതിയായ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി രാജ്യത്ത് മികച്ച രീതിയിൽ നടപ്പാക്കുന്ന സംസ്ഥാനമാണ് കേരളം. പദ്ധതിയിലൂടെ ജനങ്ങൾക്ക് പരമാവധി തൊഴിൽ ദിനങ്ങളൊരുക്കാൻ സർക്കാർ പ്രത്യേക ശ്രദ്ധയാണ് നൽകുന്നത്. ഇതിലൂടെ തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പിൽ റെക്കോഡ് നേട്ടങ്ങളാണ് 2016 മുതൽ 2020 വരെയുള്ള കാലയളവിൽ ഉണ്ടായത്. പദ്ധതിയുടെ മാതൃകാപരമായ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ ചുരുങ്ങിയ വാക്കുകളിൽ ഇന്ന് വിശദീകരിക്കാം.

90 ശതമാനത്തിലധികം സ്ത്രീകളുടെ പങ്കാളിത്തമാണ് കേരളത്തിലെ തൊഴിലുറപ്പ് പദ്ധതിയിലുള്ളത്. ഇന്ത്യയിലെ തന്നെ ഏറ്റവും ഉയർന്ന വനിതാ പങ്കാളിത്ത നിരക്കാണിത്. തൊഴിലുറപ്പ് പദ്ധതിയിലൂടെ 2018-19 വർഷത്തിൽ 975 ലക്ഷം വ്യക്തിഗത തൊഴിൽ ദിനങ്ങളാണ് സംസ്ഥാനം സൃഷ്ടിച്ചത്. കേരളത്തിൽ സമീപകാലത്തുണ്ടായ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിലുള്ള ഏറ്റവും വലിയ സംഖ്യയാണിത്. 4,41,479 പേർക്കാണ് 100 ദിവസത്തെ തൊഴിൽ കൊടുക്കാൻ സാധിച്ചത്. കേരളം ആസൂത്രണ മികവോടെ പദ്ധതി നടപ്പാക്കിയതിന്റെ ഫലമാണിത്

65.97 എന്ന ഏറ്റവും ഉയർന്ന ശരാശരി വ്യക്തിഗത തൊഴിൽ ദിനം നൽകാനും കേരളത്തിന് സാധിച്ചു.

നൂറ്റാണ്ടിലെ മഹാപ്രളയത്തെ കേരളം നേരിട്ടപ്പോൾ തൊഴിലുറപ്പ് പദ്ധതിയിലൂടെ മുൻഗണനാ പ്രവർത്തനങ്ങൾ അതിനനുസരിച്ച് പുന:ക്രമീകരിച്ചു. പ്രളയം കവർന്നെടുത്ത വീടുകളുടെയും കൃഷിസ്ഥലങ്ങളുടെയും അടിസ്ഥാനസൗകര്യങ്ങളുടെയും വീണ്ടെടുപ്പിന് തൊഴിലുറപ്പ് പദ്ധതിയെ ഉപയോഗപ്പെടുത്തി. ദുരിത കാലത്ത് തൊഴിൽ നഷ്ടമായവർക്ക് ആശ്വാസമാകാനായി. ഇതിലൂടെയെല്ലാം കേരളത്തെ നടുക്കിയ വർഷത്തിൽ മികച്ച രീതിയിൽ പദ്ധതി നിർവഹണം സാധ്യമാക്കാൻ നമുക്കായി.

തൊഴിലാളികൾക്ക് കൃത്യസമയത്ത് തൊഴിലുറപ്പ് വേതനം നൽകുന്നതിൽ കേരളത്തിന്റെ നേട്ടം 99.19 ശതമാനമാണ്. ദേശീയതലത്തിൽ കൃത്യമായി വേതനം നൽകുന്നതിൽ മൂന്നാം സ്ഥാനമാണ് കേരളത്തിനുള്ളത്. സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ള ദുർബല വിഭാഗങ്ങൾക്ക് ഉപജീവനത്തിനായി കാലിവളർത്തൽ, ആട് വളർത്തൽ, കോഴി വളർത്തൽ തുടങ്ങിയവ ആരംഭിക്കാൻ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനും തൊഴിലുറപ്പ് പദ്ധതി സംസ്ഥാനത്ത് ഉപയോഗപ്പെടുത്തുന്നു.

കേരളത്തിൽ ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിക്കാൻ ആവിഷ്‌കരിച്ച സുഭിക്ഷ കേരളം പദ്ധതിയുമായി സംയോജിപ്പിച്ചും പുതിയ മാതൃകകൾ തൊഴിലുറപ്പിലൂടെ കേരളം സാധ്യമാക്കി കൊണ്ടിരിക്കുകയാണ്. തൊഴിലുറപ്പ് പദ്ധതി നടത്തിപ്പ് കൂടുതൽ ശാസ്ത്രീയമാക്കാനായി ജി.ഐ.എസ് മാപ്പിംഗ് അടിസ്ഥാനത്തിലുള്ള ആസൂത്രണമാണ് സംസ്ഥാനത്ത് ഇപ്പോൾ ആവിഷ്‌കരിക്കുന്നത്.

തൊഴിലുറപ്പ് പദ്ധതിയുടെ വിജയകരമായ നടത്തിപ്പിനെ തുടർന്ന് നിരവധി ദേശീയ അവാർഡുകൾ കേരളത്തെ തേടിയെത്തി. 2017 ൽ ഒന്നും 2018 രണ്ടും 2019 ലും 2020 ലും നാല് വീതവും ദേശീയ അവാർഡുകളാണ് തൊഴിലുറപ്പ് പദ്ധതിയുടെ നിർവഹണത്തിന് കേരളത്തിന് ലഭിച്ചത്. ജനങ്ങൾക്കായി ഏറ്റവും ക്രിയാത്മകമായ രീതിയിൽ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കാൻ സംസ്ഥാന സർക്കാർ നടത്തുന്ന പ്രയത്നത്തിന്റെ ഫലമാണ് കേരളത്തിന് ലഭിച്ച ദേശീയ അംഗീകാരങ്ങൾ.

#keralastop50policiesandprojects

#keralaleads