മാര്‍ച്ചില്‍ നടന്ന എസ്. എസ്. എല്‍. സി പരീക്ഷയില്‍ 97.84 ശതമാനം വിജയം. കേരളത്തിലും ലക്ഷദ്വീപിലും ഗള്‍ഫ് മേഖലയിലുമായി 2953 സെന്ററുകളില്‍ 441103 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്. 431162 പേര് ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 34313 പേര് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. കഴിഞ്ഞ വര്‍ഷം 95.98 ശതമാനമായിരുന്നു വിജയം. എറണാകുളം ജില്ലയിലാണ് കൂടുതല്‍ വിജയശതമാനം, 99.12 ശതമാനം. വയനാടാണ് കുറഞ്ഞ വിജയശതമാനം, 93.87 ശതമാനം. മലപ്പുറത്താണ് ഏറ്റവുമധികം വിദ്യാര്‍ത്ഥികള്‍ക്ക് എപ്ലസ് ലഭിച്ചത്, 2435 പേര്. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പി. ആര്. ചേംബറിലാണ് ഫലപ്രഖ്യാപനം നടത്തിയത്.
എസ്. എസ്. എല്‍. സി പ്രൈവറ്റായി എഴുതിയ വിദ്യാര്‍ത്ഥികളുടെ വിജയം 75.67 ശതമാനമാണ്. മലപ്പുറം ജില്ലയിലെ പി.കെ. എം. എച്ച്. എസ്. എസിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയത്. 2422 പേരാണ് ഇവിടെ പരീക്ഷ എഴുതിയത്. തിരുവനന്തപുരം കറ്റച്ചക്കോണം ഗവ. എച്ച്. എസില്‍ രണ്ടു വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്. 98.6 ശതമാനമാണ് ടി. എച്ച്. എസ്. എല്‍. സി വിജയശതമാനം. കേരള കലാമണ്ഡലത്തില്‍ എ. എച്ച്. എസ്. എല്‍. സി പരീക്ഷ എഴുതിയ 87 പേരില്‍ 78 പേര് ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നേടി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മുഴുവന്‍ കുട്ടികളും ഉപരിപഠനത്തിന് അര്‍ഹത നേടിയ സ്കൂളുകളുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്. സര്‍ക്കാര്‍ മേഖലയില്‍ 112 ഉം എയ്ഡഡ് സ്കൂളുകളില്‍ 235 ഉം എണ്ണത്തിന്റെ വര്‍ദ്ധനവുണ്ട്. 1565 സ്കൂളുകള്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ഉപരിപഠനത്തിന് അര്‍ഹരാക്കി. പുനര്‍മൂല്യ നിര്‍ണയം, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകള്‍ മേയ് അഞ്ച് മുതല്‍ 10 വരെ ഓണ്‍ലൈനായി നല്‍കാം. ഉപരിപഠനത്തിന് അര്‍ഹത നേടാത്ത റഗുലര്‍ വിഭാഗം വിദ്യാര്‍ത്ഥികളുടെ സേ പരീക്ഷ മേയ് 21 മുതല്‍ 25 വരെ നടത്തും. ജൂണ്‍ ആദ്യ വാരം ഫലം പ്രഖ്യാപിക്കും.