സംസ്ഥാനത്തെ 5 സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ റേഡിയോ തെറാപ്പി വിഭാഗം അര്‍ബുദ രോഗ ചികിത്സയ്ക്കായുള്ള സമഗ്ര കേന്ദ്രമാക്കി മാറ്റാന്‍ സുസജ്ജമാക്കി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഇതിന്റെ ഭാഗമായി ആദ്യമായി ഈ മെഡിക്കല്‍ കോളേജുകളില്‍ ക്യാന്‍സര്‍ സര്‍ജറി വിഭാഗം (സര്‍ജിക്കല്‍ ഓങ്കോളജി) ആരംഭിച്ചു. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട് എന്നീ മെഡിക്കല്‍ കോളേജുകളിലാണ് സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗം ആരംഭിക്കുന്നത്.

ഇതിന് മുന്നോടിയായി ഈ മെഡിക്കല്‍ കോളേജുകളിലെ ക്യാന്‍സര്‍ കണ്‍ട്രോള്‍ വിഭാഗത്തില്‍ അധ്യാപകര്‍, നഴ്‌സുമാര്‍ ഉള്‍പ്പെടെ 105 തസ്തികകള്‍ സൃഷ്ടിച്ചതായും മന്ത്രി അറിയിച്ചു. സര്‍ജിക്കല്‍ ഓങ്കോളജി, മെഡിക്കല്‍ ഓങ്കോളജി, ഓങ്കോ പത്തോളജി എന്നീ വിഭാഗങ്ങളിലായാണ് തസ്തിക സൃഷ്ടിച്ചത്. മെഡിക്കല്‍ കോളേജുകളിലെ ക്യാന്‍സര്‍ ചികിത്സ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇത്രയധികം തസ്തികകള്‍ ഒന്നിച്ച് സൃഷ്ടിച്ചത്.

ജനറല്‍ സര്‍ജറി വിഭാഗത്തില്‍ ജോലി ചെയ്തുവരുന്ന യോഗ്യതയുള്ള 4 ഡോക്ടര്‍മാരെ അവരുടെ സന്നദ്ധതയുടെ കൂടി അടിസ്ഥാനത്തില്‍ സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗത്തിലേക്ക് മാറ്റിയാണ് സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗം ആരംഭിക്കുന്നത്.

സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ ആദ്യമായാണ് സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗം സൃഷ്ടിക്കുന്നത്. ഇതുവരെ ജനറല്‍ സര്‍ജറി വിഭാഗമായിരുന്നു ഇത്തരം ശസ്ത്രക്രിയകള്‍ നടത്തിയിരുന്നത്. എന്നാല്‍ ക്യാന്‍സര്‍ രോഗ ശസ്ത്രക്രിയയ്ക്ക് മാത്രമായ സര്‍ജിക്കല്‍ ഓങ്കോളജി വരുന്നതോടെ മെഡിക്കല്‍ കോളേജിലും ആര്‍.സി.സി. മോഡല്‍ ക്യാന്‍സര്‍ രോഗ ചികിത്സ ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ക്യാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസകരമായ നൂതന റേഡിയേഷന്‍ ചികിത്സയ്ക്കായി തിരുവനന്തപുരം, കോട്ടയം, തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ 48 കോടി രൂപ മുതല്‍ മുടക്കി ലീനിയര്‍ ആക്‌സിലറേറ്ററുകള്‍ വാങ്ങാന്‍ അനുമതി നല്‍കിയിരുന്നു.