മലപ്പുറം: സംസ്ഥാന സര്‍ക്കാര്‍ പട്ടിക വര്‍ഗവകുപ്പ് മുഖേന സ്ത്രീകള്‍ക്കായി വിവിധ ധനസഹായ പദ്ധതികളാണ് നടപ്പാക്കുന്നത്. ഗോത്ര വാത്സല്യനിധി, വിവാഹത്തിനുള്ള ധനസഹായം, ജനനി ജന്മരക്ഷ തുടങ്ങിയ പദ്ധതികളാണ് അവയില്‍ പ്രധാനപ്പെട്ടവ.

ഗോത്ര വാത്സല്യനിധി

പട്ടിക വര്‍ഗത്തില്‍പെട്ട പെണ്‍കുട്ടികള്‍ക്കായിട്ടുള്ള ഇന്‍ഷുറന്‍സ് പദ്ധതിയാണിത്. ശരിയായ വിദ്യാഭ്യാസം ഉറപ്പാക്കുക, കഴിവ് മെച്ചപ്പെടുത്തുക, സാമൂഹിക പദവി ഉയര്‍ത്തുക, കൊഴിഞ്ഞുപോകുന്നത് തടയുക എന്നീ കാര്യങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുന്ന പദ്ധതി. ഇന്‍ഷുര്‍ ചെയ്യപ്പെടുന്ന പെണ്‍കുട്ടികള്‍ പത്താം ക്ലാസ് വിദ്യാഭ്യാസം നേടിയിരിക്കണം. 18 വയസ് ആവുമ്പോഴാണ് ഈ ദീര്‍ഘകാല നിക്ഷേപ പദ്ധതി പൂര്‍ത്തിയാവുന്നത്. ഇന്‍ഷുറന്‍സ് തുക ജീവിത നിലനില്‍പ്പിനായോ ഉന്നത വിദ്യാഭ്യാസത്തിനായോ ഉപയോഗിക്കാം. അപേക്ഷയോടൊപ്പം കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ്, മാതാപിതാക്കളുടെ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, അപേക്ഷക ഉള്‍പ്പെട്ട റേഷന്‍ കാര്‍ഡിന്റെ കോപ്പി, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവ ഹാജരാക്കണം. 1.04.2017 മുതല്‍ ജനിച്ച പെണ്‍കുട്ടികളുടെ മാതാവാണ് ഇന്‍ഷുറന്‍സിന് അപേക്ഷിക്കേണ്ടത്.

വിവാഹ ധനസഹായം

പട്ടിക വര്‍ഗത്തില്‍പെട്ട വിധവകളുടെ പെണ്‍മക്കള്‍ക്ക്  വിവാഹത്തിന് നല്‍കുന്ന ധനസഹായം 50,000 രൂപയില്‍ നിന്ന് 1,00,000 രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ട്. മാതാപിതാക്കള്‍ നഷ്ടപ്പെട്ട യുവതികള്‍ക്ക് വിവാഹ ധനസഹായമായി 1,50,000 രൂപയും നല്‍കി വരുന്നു.  വിവാഹ തീയതിക്ക് ഒരു മാസം മുമ്പേ ബന്ധപ്പെട്ട ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍ക്ക് അപേക്ഷ നല്‍കണം. ഈ സമയപരിധിക്കുള്ളില്‍ അപേക്ഷിക്കാന്‍ സാധിക്കാത്തവര്‍ക്ക് വിവാഹത്തിന് ശേഷം അപേക്ഷിച്ചാല്‍ ഡയറക്ടറുടെ ഉത്തരവ് പ്രകാരം തുക അനുവദിക്കും.

അപേക്ഷയോടൊപ്പം വിവാഹ ക്ഷണപത്രം/ മാര്യേജ് സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖ, ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്,  മാതാപിതാക്കളുടെ മരണ സര്‍ട്ടിഫിക്കറ്റ്, പാസ്ബുക്ക് പകര്‍പ്പ്, പഞ്ചായത്തില്‍ നിന്നുള്ള എന്‍.ഒ.സി, വിവാഹിതയാവുന്ന പെണ്‍കുട്ടിയുടെ എസ്.എസ്.എല്‍.സി ബുക്കിന്റെ പകര്‍പ്പ്  എന്നിവ ഹാജരാക്കണം. വിധവയായ അമ്മയുടെ പേരിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. മാതാപിതാക്കള്‍ നഷ്ടപ്പെട്ട യുവതികള്‍ക്ക് സ്വന്തം പേരില്‍ അപേക്ഷ നല്‍കാം.

ജനനി ജന്മരക്ഷ

പട്ടിക വര്‍ഗ വിഭാഗത്തില്‍പെട്ട അമ്മയുടെയും കുഞ്ഞിന്റെയും പോഷകാഹാര ലഭ്യത ഉറപ്പ് വരുത്താനായി ആവിഷ്‌കരിച്ച പദ്ധതിയാണിത്. ഗര്‍ഭിണിയായ ശേഷമുള്ള മൂന്ന് മാസം മുതല്‍ കുട്ടിക്ക് ഒരു വയസ് ആകുന്നതുവരെയുള്ള 18 മാസം ഓരോ മാസവും 2000 രൂപ വീതം ഈ പദ്ധതി വഴി നല്‍കി വരുന്നു. ബാങ്ക് അക്കൗണ്ട് വഴിയാണ് ധനസഹായം. മാസം തികയാതെ പ്രസവിച്ചാലും ഗര്‍ഭം അലസുകയോ കുട്ടി മരണപ്പെടുകയോ ചെയ്താലും ഈ ആനുകൂല്യം ലഭിക്കും. ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് സാക്ഷ്യപ്പെടുത്തിയ ഡേറ്റ് ഓഫ് ഡെലിവറി സ്റ്റേറ്റ്മെന്റ് അപേക്ഷ ഹാജരാക്കണം.