തൃശ്ശൂർ: ജില്ലയിൽ മികച്ച ശുചിത്വ പ്രവർത്തനങ്ങൾ നടത്തിയ യുവജനസന്നദ്ധ സംഘടന ടീം അംഗങ്ങൾക്ക് ജില്ലാ കലക്ടർ എസ് ഷാനവാസ് സ്വച്ഛതാ പുരസ്കാരം സമ്മാനിച്ചു. കുടിവെള്ള ശുചിത്വ മന്ത്രാലയത്തിൻ്റെയും നെഹ്റു യുവകേന്ദ്രയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്വച്ഛ് ഭാരത് സമ്മർ ഇൻ്റേൺഷിപ്പിൻ്റെ ഭാഗമായാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്. മനക്കൊടി എം സി സി വെൽഫയർ സ്പോർട്സ് ക്ലബ്ബിലെ കെ എസ് അമ്പാടി (അന്തിക്കാട് ബ്ലോക്ക്), മുള്ളൂർക്കര ബയോ നാച്ചുറൽ ക്ലബ്ബിലെ കെ എം അബ്ദുൾ സലാം, (വടക്കാഞ്ചേരി ബ്ലോക്ക് ), ഊരകം ഫിഫ ക്ലബിലെ പി എ ഷമീർ (ചേർപ്പ് ബ്ലോക്ക് ) എന്നിവരുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് അംഗങ്ങളാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് അർഹരായത്. 30000,20000,10000 രൂപ വീതം സമ്മാന തുകയും ഉപഹാരവും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്കാരം. നെഹ്റു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ എം അനിൽകുമാർ, എൻ എസ് എസ് ജില്ലാ കോ-ഓർഡിനേറ്റർ ഡോ. ടി വി ബിനു, ഒ നന്ദകുമാർ എന്നിവർ പങ്കെടുത്തു.