മലപ്പുറം:ഏറനാട് താലൂക്കില്‍ മഞ്ചേരി വില്ലേജില്‍ അനധികൃതമായി നികത്തിയ തണ്ണീര്‍ത്തടം മണ്ണ് നീക്കം ചെയ്ത് വീണ്ടെടുത്തു. തുറക്കലില്‍ ബ്ലോക്ക് 52 ല്‍ റീസര്‍വ്വെ 3/4 ഉള്‍പ്പെട്ട സ്ഥലത്ത് നിന്ന് 1000.425 ക്യൂബിക് മീറ്റര്‍ മണ്ണ് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്റെ ഉത്തരവിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണ സബ് കലക്ടര്‍ കെ.എസ്. അഞ്ജുവിന്റെ നേതൃത്വത്തിലുള്ള റവന്യൂ സംഘം നീക്കം ചെയ്യുകയായിരുന്നു. ഒരു മണ്ണ് മാന്തി യന്ത്രവും മൂന്ന് ലോറികളും ഉപയോഗിച്ച് ബ്ലോക്ക് 52 ല്‍ ഉള്‍പ്പെട്ട 105/23 സര്‍വേ നമ്പര്‍ സ്ഥലത്തേക്ക് മണ്ണ് മാറ്റിയാണ് തണ്ണീര്‍ത്തടം പൂര്‍വസ്ഥിതിയിലാക്കിയത്.

ആറ് പേരുടെ ഉടമസ്ഥാവകാശത്തിലുള്ള സ്ഥലം അനധികൃതമായി നികത്തിയത് പൂര്‍വ സ്ഥിതിയിലാക്കാന്‍ നേരത്തെ നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഭൂമി പൂര്‍വ സ്ഥിതിയിലാക്കിയിട്ടില്ലെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ നെല്‍ വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം തണ്ണീര്‍ത്തടം വീണ്ടെടുക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിടുകയായിരുന്നു. പെരിന്തല്‍മണ്ണ സബ് കലക്ടര്‍ക്കൊപ്പം ഏറനാട് താലൂക്ക് ഭൂരേഖ വിഭാഗം തഹസില്‍ദാര്‍ പി. രഘുനാഥന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ. റജീന, വില്ലേജ് അസിസ്റ്റന്റ് കെ.പി. വര്‍ഗീസ്, ഫീല്‍ഡ് അസിസ്റ്റന്റ് സി. രജീഷ് ബാബു എന്നിവര്‍ പങ്കെടുത്തു.