മലപ്പുറം:ജീവിത പരീക്ഷണങ്ങള്‍ക്കിടയിലും മണ്ണില്‍ പൊന്നുവിളയിച്ച അരുണിന് സംസ്ഥാന സര്‍ക്കാരിന്റെ ആദരം. സംസ്ഥാന കര്‍ഷക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ സര്‍ക്കാരിന്റെ പ്രത്യേക അവാര്‍ഡിന് അര്‍ഹനായിരിക്കുകയാണ് ഊരകം പുല്ലഞ്ചാല്‍ സ്വദേശി അരുണ്‍കുമാര്‍.

പരിമിതികളില്‍ തളരാതെ ജീവിതത്തെ നേരിടുന്ന അരുണ്‍കുമാറിന് ജന്മനാ സംസാര ശേഷിയും ഭാഗികമായി ചലനശേഷിയുമില്ല. ഊരകം സ്വദേശികളായ കാരാട്ട് നാരായണന്‍ നായരുടെയും മാധവിക്കുട്ടിയുടെയും മകനായ ഇദ്ദേഹം 40 വര്‍ഷത്തോളമായി വെല്ലുവിളികളെ അതിജീവിച്ച് കൃഷിയില്‍ നൂറ് മേനി വിളയിക്കുകയാണ്.

വീട്ടുവളപ്പില്‍ പച്ചക്കറികള്‍ നട്ടുപിടിപ്പിച്ചും പരിപാലിച്ചുമാണ് അരുണ്‍ കൃഷിയിലേക്കിറങ്ങിയത്. വീടിനോട് ചേര്‍ന്ന് പാട്ടത്തിനെടുത്ത സ്ഥലത്താണ് അരുണ്‍ കൃഷി ചെയ്യുന്നത്. മണ്ണ് കിളക്കുന്നത് തൊട്ട് വളമിടുന്നതടക്കമുള്ള ജോലികള്‍ അരുണ്‍ തനിച്ചാണ് നിര്‍വഹിക്കുന്നത്. വിപണനം, വളമെത്തിക്കല്‍ തുടങ്ങിയ എല്ലാ ആവശ്യങ്ങള്‍ക്കും സഹായിയായി പ്രവര്‍ത്തിക്കുന്നത് അയല്‍വാസി പള്ളിയാളി സൈതലവിയാണ്. പരാശ്രയമില്ലാതെ ഒന്നിനും കഴിയാത്തതുമൂലം സ്‌കൂള്‍ വിദ്യാഭ്യാസം പോലും ഈ 52 ക്കാരന് ലഭിച്ചിരുന്നില്ല.
എന്നാല്‍ 10 വയസ്സു മുതല്‍ക്ക് തന്നെ  ചെറുതായി കൃഷിയിലേക്ക് തിരിഞ്ഞു. കൃഷി വകുപ്പ് മുഖേന ആവശ്യമായ സബ്‌സിഡികളും ഇലക്ട്രിക് വീല്‍ ചെയറും ലഭിച്ചിട്ടുണ്ട്. പഞ്ചായത്തു വഴി വീടിനാവശ്യമായ ധനസഹായങ്ങളും അരുണിന് ലഭ്യമായിട്ടുണ്ട്.  കൃഷി വകുപ്പിന്റെ എല്ലാ സഹായങ്ങളും അരുണിന് ലഭ്യമാക്കാറുണ്ടെന്ന് ഊരകം കൃഷി ഓഫീസര്‍ മെഹ്‌റുന്നീസ അറിയിച്ചു.