സുരക്ഷാ സ്വയംതൊഴിൽ പദ്ധതി ഉദ്ഘാടനം ചെയ്തു

സംസ്ഥാനത്തെ എല്ലാ ക്ഷേമനിധി ബോർഡുകളും വഴി സാധ്യമായ എല്ലാ സഹായങ്ങളും തൊഴിലാളികൾക്ക് ഉറപ്പാക്കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണൻ . തൊഴിൽ നഷ്ടപ്പെട്ട ബാർ ഹോട്ടൽ തൊഴിലാളികളുടെ പുരനധിവാസത്തിനായി അബ്ക്കാരി തൊഴിലാളി ക്ഷേമനിധി ബോർഡ് വഴി നടപ്പാക്കിയ സുരക്ഷാ സ്വയംതൊഴിൽ പദ്ധതി പ്രകാരം ഗുണഭോക്താക്കൾക്ക് ധനസഹായം വിതരണം ചെയ്യുകയായിരുന്നു മന്ത്രി.തൊഴിൽ നഷ്ടപ്പെട്ട ക്ഷേമനിധി ബോർഡംഗങ്ങളായ എല്ലാ ബാർ തൊഴിലാളികൾക്കും പരമാവധി സംരക്ഷണവും സഹായവും നൽകും.

തൊഴിൽനഷ്ടപ്പെട്ടവർ സമർപ്പിക്കുന്ന പദ്ധതിയനുസരിച്ച് 2,50,000 രൂപ ടേം ലോണായും 50,000 രൂപ ഗ്രാന്റ് അല്ലെങ്കിൽ സബ്സിഡിയും ചേർത്ത് പരമാവധി മൂന്നു ലക്ഷം രൂപയാണ് അനുവദിക്കുന്നത്. ലഭ്യമായ 66 അപേക്ഷകളിൽ സർക്കാർ മാനദണ്ഡമനുസരിച്ച് യോഗ്യരെന്ന് കണ്ടെത്തിയ 26 പേർക്ക് നിലവിൽ ധനസഹായം നൽകാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. വായ്പാ തുക അനുവദിക്കാൻ 77,50,000 രൂപ സർക്കാർ അബ്ക്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിന് അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ബാർ തൊഴിലാളികളായിരുന്ന അനിൽകുമാർ, അജിത്കുമാർ, സാബു ആന്റണി എന്നീ ഗുണഭോക്താക്കൾക്ക് നിയമസഭയിൽ തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ മന്ത്രി സഹായധനം വിതരണം ചെയ്തു. ബോർഡ് ചെയർമാൻ സി.കെ.മണിശങ്കർ, ചീഫ് വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർ ബീനാമോൾ വർഗ്ഗീസ് എന്നിവർ സന്നിഹിതരായിരുന്നു.